suresh
നാരുപാറ ശ്രീ അന്നപൂർണേശ്വരി ഭദ്രാദേവി ഗുരുദേവ ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കം കുറിച്ച് കൊണ്ട് എസ്.എൻ.ഡി.പി യോഗം ഇടുക്കി യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് ഭദ്രദീപ പ്രകാശനം നടത്തുന്നു

ഇടുക്കി: നാരുപാറ ശ്രീ അന്നപൂർണേശ്വരി ഭദ്രാദേവി ഗുരുദേവ ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം ആരംഭിച്ചു. യജ്ഞത്തിന് തുടക്കം കുറിച്ച് എസ്.എൻ.ഡി.പി യോഗം ഇടുക്കി യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് ഭദ്രദീപ പ്രകാശനം നടത്തി. ചടങ്ങുകൾക്ക് മുന്നോടിയായി ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ സുരേഷ് ശ്രീധരൻ തന്ത്രികളെ പൂർണ കുംഭം നൽകി ക്ഷേത്രസന്നിധിൽ സ്വീകരിച്ചു. രാവിലെ ഗണപതി ഹോമവും വിഷ്ണു സഹസ്രനാമവും സർവ്വ ദേവതാ പ്രാർത്ഥനയും നടത്തി. ആചാര്യവരണത്തിനു ശേഷം ഗ്രന്ഥ നമസ്‌കാരവും തുടർന്ന് തന്ത്രി അനുഗ്രഹ പ്രഭാഷണവും നടത്തി. ക്ഷേത്ര ചടങ്ങുകൾക്ക് മേൽശാന്തി അമൽ മഹാദേവൻ,​ അനന്തു ശാന്തി എന്നിവർ നേതൃത്വം നൽകി. തുടർച്ചയായി 16-ാമത് വർഷമാണ് ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം നടത്തുന്നത്. ഇന്ന് രാവിലെ 5.30ന് ഗണപതി ഹോമം,​ വിഷ്ണു സഹസ്രനാമം,​ ഗ്രന്ഥ നമസ്കാരം,​ ഏഴിന് ഭാഗവത പാരായണം,​ 10ന് ശ്രീകൃഷ്ണാവതാരം തിരുമുൽക്കാഴ്ച സമർപ്പണം,​ 11ന് ഒന്ന് മുതൽ 10 വയസ് വരെയുള്ള കുട്ടികൾക്ക് ഉണ്ണിയൂട്ട്,​ 12ന് പ്രഭാഷണം,​ ഒന്നിന് പ്രസാദമൂട്ട്,​ രണ്ടിന് ഭാഗവത പാരായണം തുടർച്ച,​ വൈകിട്ട് 6.30ന് ക്ഷേത്രത്തിൽ ദീപാരാധന,​ ഏഴിന് പ്രഭാഷണം,​ നാമസങ്കീർത്തനം,​ തുടർന്ന് യജ്ഞ ശാഖയിൽ ദീപാരാധന എന്നിവയാണെന്ന് ക്ഷേത്രം രക്ഷാധികാരി വിശ്വനാഥൻ ചാലിൽ,​ പ്രസിഡന്റ് സി.കെ. സുരേഷ് ചീങ്കല്ലേൽ,​ വൈസ് പ്രസിഡന്റ് ഷാജി നടയ്ക്കൽ,​ സെക്രട്ടറി മനോജ് പുള്ളോലിൽ എന്നിവർ അറിയിച്ചു.