തൊടുപുഴ: അനുദിനമുള്ള കാലിത്തീറ്റ വർദ്ധനവും പാലിന്റെ വിലയില്ലായ്മയും മൂലം കിതയ്ക്കുകയാണ് ക്ഷീരകർഷകർ. കാലിത്തീറ്റ വില ഒരു ചാക്കിന് 160 രൂപ വർദ്ധിച്ച സാഹചര്യത്തിൽ എങ്ങനെ മുന്നോട്ട് പോകാൻ കഴിയുമെന്നറിയില്ലെന്ന് കർഷകർ പറയുന്നു. 1240 രൂപയായിരുന്ന തീറ്റയുടെ വില 1400 രൂപയായായാണ് ഉയർത്തിയത്. ഇപ്പോൾ ക്ഷീര കർഷകർക്ക് പാലിന് ലഭിക്കുന്നത് പരമാവധി 37 രൂപയാണ്. എന്നാൽ കർഷകന് ഉത്പാദന ചിലവ് മാത്രം 40 രൂപയിൽ കൂടുതലാണ്. ഇതോടെ പലരും ഈ മേഖലയിൽ ഉപേക്ഷിക്കുന്ന സാഹചര്യമാണ്. തീറ്റപ്പുൽക്ഷാമം രൂക്ഷമായതിനാൽ തമിഴ്‌നാട്ടിൽ നിന്ന് കൊണ്ടു വരുന്ന ചോള തട്ടയും വൈക്കോലുമാണ് ക്ഷീരകർഷകർക്ക് ആശ്രയം. എന്നാൽ അവസരം മുതലെടുത്ത് തമിഴ്‌നാട്ടിൽ നിന്നുള്ള കച്ചവടക്കാരും വൈക്കോലിന് വില വർധിപ്പിച്ചു. രണ്ട് മാസം മുമ്പ് കിലോയ്ക്ക് എട്ട് രൂപയായിരുന്നു ഒരു കിലോ വയ്‌ക്കോലിന്റെ വില. ഇപ്പോൾ കച്ചവടക്കാർ വൈക്കോലിന് 14 രൂപ വരെയാണ് ഈടാക്കുന്നത്. ക്ഷീരകർഷകർക്ക് ഉത്പാദന ചെലവിന് അനുസരിച്ച് പാൽവില വർദ്ധിപ്പിക്കുകയും വർദ്ധിപ്പിച്ച കാലിത്തീറ്റ വില ഉടൻ പിൻവലിക്കുകയും ചെയ്തില്ലെങ്കിൽ നിരവധി കർഷകർ ഈ മേഖലയിൽ നിന്ന് പൊഴിഞ്ഞ് പോകുമെന്ന് മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു.
പ്രതിദിനം 1,86,000 ലിറ്രർ പാൽ
ജില്ലയിൽ പതിനയ്യായിരത്തോളം ക്ഷീരകർഷകർ പ്രതിദിനം 1,86,000ത്തോളം ലിറ്റർ പാൽ സംഘങ്ങളിൽ നൽകുന്നുണ്ട്. ജില്ലയിൽ 191 ക്ഷീരസഹകരണസംഘങ്ങളുണ്ട്. 21% പാൽ പ്രാദേശികമായും 79% പാലും നഗരങ്ങളിലും മറ്റും വിപണനം ചെയ്യും. കൊവിഡ് കാലത്തും പ്രളയദുരിത കാലത്തും ഒരു ദിവസംപോലും പാൽ സംഭരണം മുടക്കിയിട്ടില്ല.
കർഷകർ പ്രക്ഷോഭത്തിലേക്ക്
പെട്ടെന്നുണ്ടായ കാലിത്തീറ്റ വില വർദ്ധനവിൽ പ്രതിഷേധിച്ച് മിൽക്ക് സൊസൈറ്റി അസോസിയേഷനടക്കം പ്രതിഷേധവുമായി രംഗത്തിറങ്ങിയിരിക്കുകയാണ്. കാലിത്തീറ്റവില മിൽമയും കേരള ഫീഡ്‌സും ഉടൻ പിൻവലിക്കുക, പാൽവില വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള സ്റ്റേറ്റ് മിൽക്ക് സൊസൈറ്റീസ് അസോസിയേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ 16ന് രാവിലെ 10ന് തിരുവനന്തപുരം മിൽമ ഫെഡറേഷൻ ഓഫീസിനു മുമ്പിൽ ധർണ്ണയും ശയനപ്രദക്ഷിണവും നടത്തുമെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
ലക്ഷകണക്കിന് ആളുകൾ ആശ്രയിച്ചു വളരുന്ന ക്ഷീരമേഖല സംരക്ഷിച്ച് നിർത്താൻ സർക്കാരും ഫെഡറേഷനും മിൽമയും തയ്യാറാകാത്ത പക്ഷം ശക്തമായ സമര പരിപാടിയുമായി മുന്നോട്ടു പോകുമെന്ന് ഇവർ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് പി.ആർ. സലികുമാർ, സംസ്ഥാന ഭാരവാഹികളായ എം.ടി. ജോണി, സോണി ചൊള്ളാമഠം, സണ്ണി തെങ്ങുംപള്ളി, ജില്ലാ പ്രസിഡന്റ് കെ.പി. ബേബി, എ.ജെ. മാനുവേൽ, സാജു അമയപ്ര, രാമചന്ദ്രൻ പി.കെ. അമയപ്ര, ബിബിൻ കോലാനി എന്നിവർ പങ്കെടുത്തു.