 
ഇടുക്കി: ജില്ലയിലെ സാധാരണക്കാരെയും വ്യവസായത്തെയും ടൂറിസത്തെയും സമ്പത്ത് വ്യവസ്ഥയെയും സാരമായി ബാധിക്കുന്ന നിർമ്മാണ നിരോധനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലയിലെ ഏഴ് എസ്.എൻ.ഡി.പി യൂണിയനുകൾ ഉൾപ്പെടുന്ന യൂത്ത്മൂവ്മെന്റ് ഇടുക്കി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ 24ന് കട്ടപ്പനയിൽ മഹാപ്രകടനം നടക്കും. പ്രകടനത്തിന്റെ നടത്തിപ്പിനെ കുറിച്ച് ആലോചിക്കുന്നതിനായി എസ്.എൻ.ഡി.പി യോഗം പച്ചടി ശ്രീധരൻ സ്മാരക നെടുങ്കണ്ടം യൂണിയനിൽ പ്രവർത്തക യോഗം ചേർന്നു. യൂണിയൻ പ്രസിഡന്റ് സജി പറമ്പത്ത് അദ്ധ്യക്ഷത വഹിച്ച യോഗം എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡ് മെമ്പർ കെ.എൻ. തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി സുധാകരൻ ആടിപ്ലാക്കൽ, കൗൺസിൽ അംഗങ്ങളായ സി.എം. ബാബു, എൻ. ജയൻ, കെ.ബി. സുരേഷ് തുടങ്ങിയവർ സംസാരിച്ചു. പ്രകടനത്തിൽ നെടുങ്കണ്ടം യൂണിയനിലെ ശാഖകളിൽ നിന്ന് അറുന്നൂറോളം യുവാക്കളെ പങ്കെടുപ്പിക്കുമെന്ന് യോഗം തീരുമാനിച്ചു. യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം ശാന്തമ്മ ബാബു, യൂണിയൻ വനിതാ സംഘം, യൂത്ത്മൂവ്‌മെന്റ് പ്രവർത്തകർ, ശാഖാ നേതാക്കൾ, ശാഖാ യൂത്ത്മൂവ്‌മെന്റ് പ്രവർത്തകർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.