തൊടുപുഴ: ബൈക്കുകൾ കൂട്ടിയിടിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് നടത്തിയ പരിശോധനയിൽ ഹെൽമറ്റിൽ നിന്ന് കഞ്ചാവ് കണ്ടെത്തി. കഞ്ചാവ് കച്ചവടക്കാരനെന്ന് സംശയിക്കുന്ന പ്രതി ഓടി രക്ഷപെട്ടു. വ്യാഴാഴ്ച രാത്രിയാണ് കുന്നം കാരൂപ്പാറയിൽ രണ്ടു ബൈക്കുകൾ കൂട്ടിയിടിച്ചത്. അപകടത്തിൽ ഒരു യുവാവിന് പരിക്കേറ്റു. ഇയാളെ നാട്ടുകാർ ആശുപത്രിയിലേക്കു മാറ്റി. സംഭവമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. ഇതോടെ രണ്ടാമത്തെ ബൈക്കിലെത്തിയ യുവാവ് വാഹനവും ഹെൽമറ്റും ഉപേക്ഷിച്ച് കൈവശമുണ്ടായിരുന്ന പൊതിയുമായി ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്നാണ് പൊലീസ് ഇയാളെത്തിയ ബൈക്കും ഹെൽമറ്റും പരിശോധിച്ചത്. ഹെൽമറ്റിൽ നിന്ന് 5.5 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. ബൈക്കിന്റെ നമ്പർ ഉപയോഗിച്ച് രജിസ്‌ട്രേർഡ് ഉടമയെ കണ്ടെത്തിയെങ്കിലും ഇയാൾ ഒരു വർഷം മുമ്പ് വാഹനം വിറ്റതാണെന്ന് വ്യക്തമായി. വാഹനം വാങ്ങിയ ഏഴല്ലൂർ സ്വദേശി ജിതിനാണ് സ്ഥലത്തു നിന്ന് ഓടി രക്ഷപെട്ടതെന്നാണ് സൂചന. ഇയാളുടെ കൈവശമുണ്ടായിരുന്ന പൊതിയിൽ ലഹരി മരുന്നായിരിക്കാമെന്നും ഇയാൾക്കായി അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.