തൊടുപുഴ: 2019 ആഗസ്റ്റ് എട്ടിനുണ്ടായ മഴയിലും ഉരുൾപൊട്ടലിലും വീടും സ്ഥലവും പൂർണമായി നഷ്ടപ്പെട്ട കട്ടപ്പന മുളകരമേട് സ്വദേശി സന്തോഷ് വി. മാത്യുവിന് സ്ഥലം വാങ്ങുന്നതിന് ആറ് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിച്ചതായി ദുന്തന്തനിവാരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു. കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. സന്തോഷ് മാത്യുവിന് സ്ഥലം വാങ്ങിയതിനു ശേഷം വീട് വയ്ക്കുന്നതിനുള്ള ധനസഹായം ഇടുക്കി കളക്ടറേറ്റിൽ നിന്ന് നേരിട്ട് അനുവദിക്കുന്നതാണെന്ന് റിപ്പോർട്ടിൽ പറയുന്നു. വീട് പുനർ നിർമ്മിക്കാൻ നാല് ലക്ഷം രൂപ അനുവദിക്കും. 2019 ലെ പ്രളയത്തിൽ ഇടുക്കി ജില്ലയിൽ 38 കുടുംബങ്ങൾക്കാണ് വീടും സ്ഥലവും നഷ്ടമായത്. എന്നാൽ ധനസഹായം അനുവദിക്കുന്ന സോഫ്റ്റ്‌വെയറിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവർ എന്ന ഓപ്ഷൻ ഇല്ലായിരുന്നു. ഇക്കാരണത്താൽ വീടും സ്ഥലവും നഷ്ടപ്പെട്ടവരുടെ പട്ടിക സോഫ്റ്റ്‌വെയറിൽ രേഖപ്പെടുത്താൻ കഴിഞ്ഞില്ല. 38 കുടുംബങ്ങൾക്ക് വീടും സ്ഥലവും അനുവദിക്കാൻ രണ്ട് കോടി 28 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിച്ചതായി റിപ്പോർട്ടിൽ പറയുന്നു.