karimannoor
തൊടുപുഴ ഉപജില്ല അത്‌ലറ്റിക് മീറ്റ് ഓവറോൾ ചാമ്പ്യൻസ് ട്രോഫി കരിമണ്ണൂർ സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ബിസോയ് ജോർജ്, ഹെഡ്മാസ്റ്റർ സജി മാത്യു, കായിക അദ്ധ്യാപകൻ ആൽവിൻ ജോസ്, ടീം അംഗങ്ങൾ എന്നിവർ ചേർന്ന് തൊടുപുഴ എഇഓ ഷീബാ മുഹമ്മദിൽ നിന്ന് ഏറ്റുവാങ്ങുന്നു.

മുതലക്കോടം : തൊടുപുഴ ഉപജില്ലാ അത്‌ലറ്റിക് മീറ്റിൽ കരിമണ്ണൂർ സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ ഓവർ ഓൾ ചാമ്പ്യൻമാരായി. 25 വർഷങ്ങൾക്കു ശേഷമാണ് കരിമണ്ണൂർ സ്‌കൂൾ ഉപജില്ലാ കായികകിരീടം തിരിച്ചു പിടിക്കുന്നത്. ഓവർ ഓൾ ചാമ്പ്യൻഷിപ്പിനോടൊപ്പം കിഡ്ഡീസ്, ജൂനിയർ, സീനിയർ എന്നീ വിഭാഗങ്ങളിലും ചാമ്പ്യൻസ് കരിമണ്ണൂർ സ്‌കൂളാണ്. മൂന്നു ദിവസം നീണ്ടുനിന്ന കായിക മേള അവസാനിച്ചപ്പോൾ 251 പോയിന്റുകളാണ് കരിമണ്ണൂർ സ്‌കൂൾ നേടിയത്. 23 ഇനങ്ങൾക്ക് ഗോൾഡ്, 26 സിൽവർ, 22 ബ്രോൺസ് മെഡലുകൾ എന്നിവയാണ് ഇത്തവണ സ്‌കൂൾ സ്വന്തമാക്കിയത്. 161 പോയിന്റുകളോടെ കരിങ്കുന്നം സെന്റ് അഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്‌കൂളാണ് രണ്ടാം സ്ഥാനത്ത്. കായിക കിരീടം ചൂടിയ ടീമിലെ നൂറിൽപരം വരുന്ന അംഗങ്ങളെയും കായികാധ്യാപനായ ആൽവിൻ ജോസിനെയും കരിമണ്ണൂരിലെ കായിക പ്രേമികളുടെ നേതൃത്വത്തിൽ ആദരിച്ചു. സ്‌കൂൾ മാനേജർ റവ. ഡോ. സ്റ്റാൻലി പുൽപ്രയിൽ, പ്രിൻസിപ്പൽ ബിസോയ് ജോർജ്, ഹെഡ്മാസ്റ്റർ സജി മാത്യു, പിറ്റിഎ പ്രസിഡന്റ് ലിയോ കുന്നപ്പിള്ളിൽ, എം.പി.ടി.എ പ്രസിഡന്റ് ജോസ്മി സോജൻ എന്നിവർ അഭിനന്ദിച്ചു.