ഇടുക്കി: പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കലിനോടനുബന്ധിച്ച് ജില്ലയിലെ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. വോട്ടർ പട്ടികയുടെ കോപ്പി എല്ലാ താലൂക്ക് ഇലക്ഷൻ വിഭാഗങ്ങളിലും വില്ലേജ്, പഞ്ചായത്ത് ഓഫീസുകളിലും ഇലക്ഷൻ കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും ലഭ്യമാണ്. കരട് വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട പരാതികൾ ഡിസംബർ 8 വരെ സ്വീകരിക്കുന്നതിന് താലൂക്ക് ഇലക്ഷൻ വിഭാഗങ്ങളിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഈ വർഷം മുതൽ ജനുവരി 1 കൂടാതെ ഏപ്രിൽ 1, ജൂലായ് 1, ഒക്ടോബർ 1 തീയതികളിൽ 18 വയസ് പൂർത്തിയാകുന്നവർക്കും വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് മുൻകൂറായി അപേക്ഷ നൽകാം. അപേക്ഷ നേരത്തെ സ്വീകരിക്കുമെങ്കിലും അപേക്ഷകർക്ക് 18 വയസ്സ് പൂർത്തിയാകുന്ന മുറയ്ക്ക് മാത്രമേ വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തി തിരിച്ചറിയൽ കാർഡ് നൽകൂ. വോട്ടർ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട വിവിധ ഫോമുകളിൽ മാറ്റം വരുത്തിയിട്ടുണ്ട്. പുതുതായി വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നവർ ഫോം 6 ലെ ബന്ധപ്പെട്ട കോളത്തിൽ ആധാർ നമ്പർ രേഖപ്പെടുത്തണം. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതും ആധാർ കാർഡ് വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കുന്നതും സംബന്ധിച്ച് വിശദ വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഔദ്യോഗിക വെബ് സൈറ്റായ www.esi.gov.in ലഭ്യമാണ്. എല്ലാ പുതിയ വോട്ടർമാരും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തി വോട്ടർ പട്ടികയിൽ പേരു ചേർക്കണമെന്ന് ജില്ലാ ഇലക്ഷൻ ഓഫീസർ കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു. ആക്ഷേപങ്ങൾ പരിശോധിച്ച് അപാകതകൾ പരിഹരിച്ച ശേഷം അന്തിമ വോട്ടർ പട്ടിക ജനുവരി അഞ്ചിന് പ്രസിദ്ധീകരിക്കും.