അടിമാലി: ബുദ്ധിമാന്ദ്യമുള്ള വിദ്യാർത്ഥിനിയെ മാതാവിന്റെ സുഹൃത്ത് പീഡിപ്പിച്ച് ഗർഭിണിയാക്കി. വിവരമറിഞ്ഞതോടെ തൃശൂർ സ്വദേശിയും മൂന്നാറിൽ ഹോട്ടൽ തൊഴിലാളിയുമായ പത്മനാഭൻ (പ്രദീപ്- 43) ഒളിവിൽ പോയി. ഇയാൾ കഴിഞ്ഞ കുറെ വർഷങ്ങളായി പെൺകുട്ടിയുടെ മാതാവുമൊത്ത് താമസിച്ച് വരുകയായിരുന്നു. വ്യാഴാഴ്ച വയറ് വേദനയെ തുടർന്നാണ് അമ്മയും പ്രദീപും കൂടി പെൺകുട്ടിയെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയിൽ പെൺകുട്ടി ഗർഭിണിയാണെന്ന് ഡോക്ടർ കണ്ടെത്തി. വിവരം അറിഞ്ഞതോടെ പ്രദീപ് ഒളിവിൽ പോവുകയായിരുന്നു. ഇതോടെ മാതാവ് ആശുപത്രിയിൽ ബോധരഹിതയായി വീണു. ഇയാൾ ഒന്നിലേറെ തവണ വീട്ടിൽ വെച്ച് പീഡിപ്പിച്ചതായി പെൺകുട്ടി മൊഴി നൽകി. അടിമാലി പൊലീസ് പോക്‌സോ നിയമപ്രകാരം കേസ് എടുത്തു. പ്രതിയെ അന്വേഷിച്ചു വരുകയാണെന്ന് എസ്.എച്ച്.ഒ ക്ലീറ്റസ് കെ. ജോസഫ് പറഞ്ഞു.