കട്ടപ്പന: മാസങ്ങളായി പൊലീസിനെ കബളിപ്പിച്ചു ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പണം വെച്ചു ചീട്ടുകളി നടത്തിവന്ന റിട്ട. എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘത്തിലെ പത്ത് പേർ പിടിയിൽ . ഇവരിൽ നിന്ന് 2,51,000 രുപയും കണ്ടെടുത്തു. കുമളി, കട്ടപ്പന, കൊച്ചുതോവാള, നെടുങ്കണ്ടം എന്നീ സ്ഥലങ്ങളിൽ നിന്നെത്തിയ രഘുനാരായണൻ, സാജൻ, ചന്ദ്രൻ, ബൈജു, ജിനേഷ്, സനു, ജോസഫ് തോമസ്, സാബു ജോസഫ് , ജോഷി വർക്കി, റോയി എന്നിവരെ യാണ് പിടികൂടിയത്. കുമളി ഗവ. ഹൈസ്‌കൂളിനു സമീപം തമിഴ്‌നാട് വനാതിർത്തിൽ റിട്ട. പൊലീസ് ഉദ്യോഗസ്ഥന്റെ കെട്ടിടത്തിലായിരുന്നു ചീട്ടുകളി നടന്നിരുന്നത്. ചീട്ടുകളി സംബന്ധിച്ച വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് നിരന്തരം നിരീക്ഷണം നടത്തി വരികയായിരുന്നു. പൊലീസ് പിടിക്കപ്പെടാതിരിക്കാൻ ദിവസവും സ്ഥലങ്ങൾ മാറി മാറിയാണ് വൻതോതിൽ പണം വെച്ചു ചീട്ടുകളി നടത്തിവന്നിരുന്നത്. പലപ്പോഴും പൊലീസിന്റെ വരവ് അറിഞ്ഞ് സംഘം മുങ്ങുകയാണ് പതിവ്. പലപ്രാവശ്യം പൊലീസ് ഇവരെ പിടികൂടാൻ ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല . രഹസ്യ സങ്കേ തത്തിനു സമീപങ്ങളിൽ നിരീക്ഷണത്തിനായി സംഘം ആളുകളെ നിയോഗിച്ചിരുന്നു. ഇവരുടെ കണ്ണ് വെട്ടിച്ചു പ്രച്ഛന്ന വേഷത്തിൽ എത്തിയാണ് പൊലീസ് ചീട്ടുകളി സംഘത്തെ വലയിലാക്കിയത്. ഇടുക്കി ജില്ലാ പൊലീസ് മേധാവി വി.യു. കുര്യാക്കോസിന്റെ നിർദ്ദേശാനുസരണം കട്ടപ്പന ഡിവൈ.എസ്.പി വി.എ. നിഷാദ് മോന്റ നേതൃത്വത്തിൽ കുമളി സി.ഐ. ജോബിൻ ആന്റണി, കട്ടപ്പന എസ്.ഐ ദിലീപ് കുമാർ കെ, ഡിവൈ.എസ്.പിയുടെ പ്രത്യേക അന്വേഷണസംഘത്തിൽപ്പെട്ട എസ്.ഐ സജിമോൻ, സി.പി.ഒമാരായ ജോസഫ്, വി.കെ. അനീഷ്, കുമളി സ്റ്റേഷനിലെ പ്രൊബേഷൻ എസ്.ഐ നിഖിൽ കെ, സി.പി.ഒ.മാരായ അഭിലാഷ് സി.സി, അരുൺ , അനീഷ് വിശ്വംഭരൻ എന്നിവർ അടങ്ങുന്ന പൊലീസ് സംഘമാണ് ഇവരെ പിടികൂടിയത്.