തൊടുപുഴ: മണ്ഡലകാലം തുടങ്ങാൻ നാല് ദിവസം മാത്രം അവശേഷിക്കെ തൊടുപുഴയിലെത്തുന്ന ശബരിമല തീർത്ഥാടകർ ഇടത്താവളത്തിനുള്ള കാത്തിരിപ്പ് തുടരുകയാണ്. ശബരിമല തീർത്ഥാടനം ആരംഭിക്കുന്നതോടെ ദിവസവും നൂറുകണക്കിന് അയ്യപ്പ ഭക്തരുടെ വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്. തൊടുപുഴയിലെത്തി പാല, കടപ്പാട്ടൂർ വഴിയും മുട്ടം- ഈരാറ്റുപെട്ട വഴിയും അയ്യപ്പന്മാർ സഞ്ചരിക്കുന്ന പ്രധാന കേന്ദ്രമാണ് തൊടുപുഴ. ഹൈറേഞ്ചിൽ നിന്നുള്ള തീർത്ഥാടകരുടെ വാഹനങ്ങൾ കൊച്ചി- ധനുഷ്കോടി ദേശീയപാതയിൽ നിന്ന് തിരിഞ്ഞ് ഊന്നുകൽ- വെങ്ങല്ലൂർ പാതയിലൂടെ തൊടുപുഴയിലെത്തിയാണ് പോകുന്നത്. ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, കാഞ്ഞിരമറ്റം മഹാദേവർ ക്ഷേത്രം ഉൾപ്പെടെ നഗരത്തിലെ വിവിധ ക്ഷേത്രങ്ങളിൽ ദർശനം നടത്തിയ ശേഷമാണ് അയ്യപ്പന്മാർ യാത്ര തുടരുന്നത്. മണ്ഡലകാലത്ത് ഇവിടെയെത്തുന്ന അയ്യപ്പന്മാർക്ക് ഇടത്താവളമില്ലെങ്കിലും ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തോടനുബന്ധിച്ച് വിരി വയ്ക്കാനും വിശ്രമിക്കാനും ക്ഷേത്രം ഭാരവാഹികൾ വിലുലമായ സൗകര്യം ഒരുക്കാറുണ്ട്. തൊടുപുഴയാറിൽ കുളിക്കാനും ഇവിടെ തങ്ങുന്ന അയ്യപ്പന്മാർക്ക് കിടക്കാനും സൗകര്യവും രണ്ട് നേരവും അന്നദാനവും നൽകും. നിരവധി ബൈപ്പാസുകളുള്ള തൊടുപുഴ നഗരത്തിലൂടെ വാഹന കുരിക്കിലകപ്പെടാതെ അയ്യപ്പന്മാർക്ക് സഞ്ചരിക്കാനും കഴിയും. വെങ്ങല്ലൂർ- കോലാനി ബൈപ്പാസ് വഴി നഗരത്തിൽ പ്രവേശിക്കാതെ കടപ്പാട്ടൂർ ക്ഷേത്രത്തിലേക്ക് പോകാനും സാധിക്കും. വളരുന്ന തൊടുപുഴയിൽ അയ്യപ്പന്മാർക്ക് ഇടത്താവളം വേണമെന്ന് ആവശ്യം ഇനിയും പരിഗണിച്ചിട്ടില്ല. വർഷങ്ങൾക്ക് മുമ്പ് അയിരകണക്കിന് ഭക്തജനങ്ങളുടെ പങ്കാളിത്തതോടെ അയ്യപ്പസത്രവും തൊടുപുഴയിൽ നടത്തിയിരുന്നു. രണ്ട് മാസം നീളുന്ന മണ്ഡല കാലത്ത് ഇതുവഴി സഞ്ചരിക്കുന്ന ഭക്തജനങ്ങളുടെ സൗകര്യം പരിഗണിച്ച് ഇടത്താവളം പ്രഖ്യാപിക്കുന്നതിന് വിവിധ തലത്തിൽ ശ്രമങ്ങൾ നടത്തിയെങ്കിലും തുടർനടപടികളുണ്ടായില്ല.