തൊടുപുഴ: ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് കരിമണ്ണൂർ, ആലക്കോട്, ഇടവെട്ടി പഞ്ചായത്തിലെ ഫാമുകളിലെ പന്നികളെ ദയാവധത്തിനു വിധേയമാക്കുന്ന നടപടികൾ മൃഗസംരക്ഷണ വകുപ്പിന്റെ ദൗത്യ സംഘം പൂർത്തിയാക്കി. 28 മണിക്കൂറുകൾ നീണ്ട ദൗത്യമാണ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ മൃഗസംരക്ഷണ വകുപ്പ് അധികൃതർ പൂർത്തിയാക്കിയത്. കരിമണ്ണൂർ പഞ്ചായത്തിൽ എട്ടു ഫാമുകളിൽ നിന്നായി 169 പന്നികളെയും ആലക്കോട് പഞ്ചായത്തിലെ ഒരു ഫാമിലെ 125 എണ്ണത്തിനെയും ഇടവെട്ടിയിൽ ഒരു ഫാമിലെ രണ്ടു പന്നികളെയുമാണ് ദയാവധത്തിനു വിധേയമാക്കിയത്. കേന്ദ്ര മൃഗസംരക്ഷണക്ഷിരവികസന വകുപ്പിന്റെ 2020 ജൂണിലെ ആഫ്രിക്കൻ പന്നിപ്പനി നിയന്ത്രണത്തിനായും നിർമാർജനത്തിനായുമുള്ള നാഷണൽ ആക്ഷൻ പ്ലാൻ പ്രകാരവും മൃഗങ്ങളിലെ അണുബാധാ പകർച്ചവ്യാധി തടയൽ നിയമം 2009 പ്രകാരം ജില്ല കളക്ടർ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരവുമാണ് രോഗ ബാധിത മേഖലയിലെ നടപടികൾ പൂർത്തിയാക്കിയത്. ആദ്യഘട്ട നടപടികൾ പൂർത്തിയായെങ്കിലും പ്രദേശത്ത് നിരീക്ഷണവും മുൻകരുതൽ നടപടികളും തുടരുമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ ബിനോയ് പി. മാത്യു അറിയിച്ചു. ഓരോ മൃഗാശുപത്രിയിലെയും വെറ്ററിനറി ഡോക്ടർമാരോട് നിരീക്ഷണം നടത്തണമെന്ന് നിർദേശിച്ചിട്ടുണ്ട്. മൃഗങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങൾ കണ്ടെത്തിയാൽ സ്‌ക്രീംനിംഗ് നടത്തും. ആവശ്യമായി വന്നാൽ മൃഗങ്ങളുടെ രക്ത സാമ്പിളുകൾ ശേഖരിച്ച് ഇനിയും പരിശോധനയ്ക്കയക്കും. രോഗബാധിത മേഖലകളിൽ പന്നിമാംസ കച്ചവടം, കശാപ്പ്, വിൽപന എന്നിവയ്ക്കും കർശന നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.