തൊടുപുഴ: കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖല തകർക്കാനും കാവിവത്കരിക്കാനുമുള്ള സംഘപരിവാർ നീക്കത്തിനെതിരെ എൽ.ഡി.എഫ് 15ന് അടിമാലിയിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും. 25,000 ലധികം പേർ കൂട്ടായ്മയിൽ പങ്കെടുക്കുമെന്ന് ജില്ലാ കൺവീനർ കെ.കെ. ശിവരാമൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പകൽ 11ന് നഗരത്തിൽ സി.പി.ഐ കേന്ദ്ര എക്സിക്യൂട്ടീവ് അംഗം അഡ്വ. കെ. പ്രകാശ് ബാബു ഉദ്ഘാടനം ചെയ്യും. സി.പി.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ. ബിജു മുഖ്യപ്രഭാഷണം നടത്തും. ബി.ജെ.പി ഇതര സംസ്ഥാന സർക്കാരുകളെയെല്ലാം ഗവർണമാരെ ഉപയോഗിച്ച് തകർക്കാനാണ് സംഘപരിവാർ ശ്രമമെന്നും സംസ്ഥാനം കൈവരിച്ച നേട്ടങ്ങൾ സംരക്ഷിക്കാനും നിലനിർത്താനും കേരളം ഒറ്റക്കെട്ടായി അണിനിരക്കേണ്ട സന്ദർഭമാണിതെന്നും എൽ.ഡി.എഫ് നേതാക്കൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ സി.പി.ഐ ജില്ലാ സെക്രട്ടറി കെ. സലിംകുമാർ, സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം വി.വി. മത്തായി, കേരള കോൺഗ്രസ് (എം)​ സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.ഐ. ആന്റണി, ജനാധിപത്യ കേരള കോൺഗ്രസ് നേതാവ് ജോർജ്ജ് അഗസ്റ്റിൻ, എൻ.സി.പി സംസ്ഥാന സെക്രട്ടറി അനിൽ കൂവപ്ലാക്കൽ, കേരള കോൺഗ്രസ് എസ് നേതാവ് ജയകൃഷ്ണൻ എന്നിവർ പങ്കെടുത്തു.