തൊടുപുഴ: ശിശുദിനത്തോടനുബന്ധിച്ച് തൊടുപുഴ കാഡ്‌സ് വില്ലേജ് സ്‌ക്വയറിൽ ചാച്ചാജി ചിൽഡ്രൻസ് പാർക്ക് പ്രവർത്തനം ആരംഭിക്കുമെന്ന് കാഡ്സ് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 15ൽ പരം റൈഡുകളും ഇലക്ട്രിക് കാറും ഓമന പക്ഷി മൃഗാദികളുടെ ശേഖരവുമായി ദീപാലകൃതവും സംഗീത സാന്ദ്രവുമായ അന്തരീക്ഷത്തിലാണ് പാർക്ക് ഒരുക്കിയിരിക്കുന്നത്. 14ന് രാവിലെ 11.30ന് ജില്ലാ കളക്ടർ ഷീബ ജോർജ് പാർക്ക് കുട്ടികൾക്കായി തുറന്നു കൊടുക്കും. മുനിസിപ്പൽ കൗൺസിലർമാരായ കെ. ദീപക്, രാജി മോൾ, സജ്മി ഷിംനാസ്, ജിഷ ബിനു, നിധി മനോജ്, ജയലക്ഷ്മി ഗോപൻ, മുഹമ്മദ് അഫ്‌സൽ, സഫിയ ജബ്ബാർ, അഡ്വ. ജോസഫ് ജോൺ ,മുൻ മുനിസിപ്പൽ ചെയർമാൻ രാജീവ് പുഷ്പപാംഗദൻ എന്നിവർ സംസാരിക്കും. കാഡ്‌സ് ചെയർമാൻ ആന്റണി കണ്ടിരിക്കൽ അദ്ധ്യക്ഷത വഹിക്കും. ഉദ്ഘാടനശേഷം കളക്ടറും കുട്ടികളുമായുള്ള സംവാദം 'സ്പാർക്' നടക്കും. ശിശുദിനാഘോഷത്തിന്റെ ഭാഗമായി രാവിലെ 10 മുതൽ വിവിധ മത്സരങ്ങൾ നടക്കും. നഴ്‌സറി, എൽ.പി, യു.പി, ഹൈസ്‌കൂൾ വിഭാഗങ്ങളിലായി ചിത്രരചന, മിഠായി പെറുക്കൽ, പ്രസംഗം, ഉപന്യാസം, ക്വിസ്, ബോൾത്രോ, ബോൾക്യാച്ച്, ചെസ്, കാരംസ്, ഫ്ളാഷ് മോബ് എന്നിവയിലാണ് മത്സരം. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾ mail@kadspcl.com എന്ന മെയിൽ ഐഡിയിലോ 9645020436 എന്ന വാട്ടസ്ആപ് നമ്പറിലോ നേരിട്ടോ രജിസ്റ്റർ ചെയ്യണം. കാഡ്‌സ് ചെയർമാൻ ആന്റണി കണ്ടിരിക്കൽ, ഡയറക്ടർമാരായ വി.പി. സുകുമാരൻ, കെ.എം. മത്തച്ചൻ, എം.ഡി. ഗോപിനാഥൻ നായർ, ടെഡി ജോസ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.