 
തൊടുപുഴ: സംസ്ഥാന സർക്കാരിന്റെ ഉജ്ജ്വല ബാല്യം പുരസ്‌കാരത്തിന് അറക്കുളം സെന്റ് മേരീസ് എച്ച്.എസ്.എസി ലെ 10-ാം ക്ലാസ് വിദ്യാർത്ഥിനി കുസുമപ്രിയ പ്രകാശ് അർഹയായി. 2021 ജനുവരി ഒന്നു മുതൽ 2021 ഡിസംബർ 31 വരെയുളള കാലയളവിൽ കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐ.ടി, കൃഷി, മാലിന്യ സംസ്‌കരണം, ജീവകാരുണ്യ പ്രവർത്തനം, ക്രാഫ്‌റ്റ്, ശില്പനിർമ്മാണം, അസാമാന്യ ധൈര്യത്തിലുടെ നടത്തിയ പ്രവർത്തനം എന്നീ മേഖലകളിൽ അസാധാരണ കഴിവ് പ്രകടിപ്പിച്ചിട്ടുള്ള ആറിനും 18 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കാണ് പുരസ്കാരം നൽകുന്നത്. 25,000 രൂപയും സർട്ടിഫിക്കറ്റും ട്രോഫിയുമടങ്ങുന്നതാണ് പുരസ്‌കാരം. നവംബർ 14ന് ശിശുദിനത്തിൽ തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡ് വിതരണം ചെയ്യും. എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയൻ രവിവാര പാഠശാല ചെയർമാൻ അറക്കുളം പന്ത്രണ്ടാംമൈൽ പാലയ്ക്കത്തൊട്ടിയിൽ പ്രകാശ്- പുഷ്പവല്ലി ദമ്പതികളുടെ ഇളയ മകളാണ് കുസുമപ്രിയ. സഹോദരി: അഭിരാമി.