രാജാക്കാട്: ചിന്നക്കനാലിന് സമീപം വനമേഖലയിൽ കുരുക്കുവച്ച് കേഴമാനിനെ പിടികൂടിയ സംഭവത്തിൽ ഒരാളെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. അപ്പർ സൂര്യനെല്ലി സ്വദേശി മാരിമുത്തുവാണ് (43) പിടിയിലായത്. കഴിഞ്ഞ ഒമ്പതിനാണ് ഇയാൾ കേഴമാനിനെ പിടികൂടിയത്. തോലും അവശിഷ്ടങ്ങളും സമീപത്തെ തോട്ടിലൂടെ ഒഴുക്കിവിട്ട ശേഷം ഇറച്ചി വീട്ടിലേക്ക് കൊണ്ടപോയി. വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ കേഴമാനിന്റെ കറിവച്ച ഇറച്ചി ലഭിച്ചു. ചിന്നക്കനാൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പി.എ. സുനിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ദേവികുളം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.