കട്ടപ്പന: വാഴവരയിൽ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. അടിമാലി കുമളി- ദേശീയ പാതയിൽ വാഴവരയ്ക്കും ഏഴാംമൈലിനും ഇടയിലായിരുന്നു അപകടം. കരിമ്പൻ കല്ലുവളിയിൽ എബിൻ (25), കാൽവരിമൗണ്ട് സി.എം.സി ആശ്രമത്തിലെ ബ്രദർ അലന്റ് (26), തങ്കമണി വള്ളിക്കുന്നേൽ ജൂബിൻ (26) എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്നലെ രാവിലെ 9.30 ഓടെയായിരുന്നു അപകടം. കട്ടപ്പനയ്ക്ക് വരികയായിരുന്ന ബൈക്കും കാൽവരിമൗണ്ടിന്‌ പോവുകയായിരുന്ന സ്‌കൂട്ടറും തമ്മിലാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റ എബിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും മറ്റ് രണ്ട്‌ പേരെ ആലുവ രാജഗിരി ആശുപത്രിയിലും പ്രവേശിപ്പിച്ചു. സാരമായി പരിക്കേറ്റ എബിനെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. എബിനൊപ്പം യാത്ര ചെയ്തിരുന്ന യുവാവ്‌ റോഡിന്റെ വശത്തെ പുല്ലിലേയ്ക്ക് തെറിച്ചുവീണതിനാൽ പരിക്കേറ്റില്ല. രണ്ട് ദിവസത്തിനുള്ളിൽ ഈ ദേശീയ പാതയിൽ മൂന്ന് വാഹനാപകടങ്ങളാണ് ഉണ്ടായത്.