മറയൂർ: അന്തർ സംസ്ഥാന പാതയിൽ പതിവായി ഒന്നര കൊമ്പൻ ഗതാഗതം മുടക്കി വരുന്നതിന് പുറമെ കഴിഞ്ഞ ദിവസം രാത്രി കനത്ത മഴയിൽ മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു. വനപാലകർ വെട്ടിമാറ്റിയതോടെ നാല് മണിക്കൂർ കഴിഞ്ഞാണ് മറയൂർ ഉദുമൽപേട്ട അന്തർ സംസ്ഥാന പാതയിൽ ഗതാഗതം പുനഃസ്ഥാപിക്കാൻ കഴിഞ്ഞത്. വെള്ളിയാഴ്ച രാത്രി 10 മണി മുതൽ ജെല്ലിമല ഭാഗത്ത് ഒന്നര കൊമ്പനെ കണ്ടത്. ഇതോടെ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. കൂടാതെയാണ് 12 മണിയോടെ ഈ ഭാഗത്ത് തന്നെ മരം കടപുഴകി വീണത്. ഒന്നരക്കൊമ്പൻ സ്ഥിരമായി സാന്നിധ്യം ഉറപ്പിക്കാൻ കാരണം റോഡിന് ഇരുവശങ്ങളിലും തീറ്റ പുല്ല് രണ്ടടിയോളം വളർന്നിരിക്കുന്നതാണ്. ഈ പുല്ല് തിന്നാനാണ് സ്ഥിരമായി ആന ഇവിടെയെത്തുന്നത്. ജല്ലിമലയിലെ ഒരു കിലോമീറ്റർ ഭാഗത്ത് കാട്ടാന റോഡിലേക്ക് ഇറങ്ങിയാൽ ഒരുവശത്ത് അഗാധ ഗർത്തവും എതിർവശത്ത് കാട്ടാനയ്ക്ക് കയറിപ്പോകാൻ കഴിയാത്ത തരത്തിലുള്ള കൂറ്റൻ പാറക്കെട്ടുമാണ്. കാട്ടാന ഇവിടേക്ക് വരാതിരിക്കാൻ ഇരുവശങ്ങളിലുമുള്ള പുല്ല് വെട്ടിമാറ്റിയാൽ മതിയെന്നാണ് യാത്രക്കാരുടെ അഭിപ്രായം. കഴിഞ്ഞ ദിവസം ഇവിടെ ഈ കാട്ടാന തമിഴ്‌നാട്ടിൽ നിന്നെത്തിയ വിനോദ സഞ്ചാരിയെ കൊലപ്പെടുത്തിയിരുന്നു.