തൊടുപുഴ: കരിങ്കുന്നം ഗവ. എൽ.പി സ്‌കൂളിൽ സമഗ്ര ശിക്ഷാ കേരള ഫണ്ട് ഉപയോഗിച്ച് തയ്യാറാക്കിയ മാതൃകാ പ്രീ പ്രൈമറിയുടെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർവ്വഹിച്ചു. സമഗ്ര ശിക്ഷാ കേരളയുടെ താലോലം പദ്ധതി പ്രകാരം തൊടുപുഴ ബിആർസി അനുവദിച്ച 15 ലക്ഷം രൂപ വിനിയോഗിച്ചാണ് കരിങ്കുന്നം പ്രീപ്രൈമറി സ്‌കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തിയത്. പി.ജെ. ജോസഫ് എം.എൽ.എ അദ്ധ്യക്ഷനായി. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസാ ജോസ്, ഇടുക്കി വിദ്യാഭ്യാസ ഡയറക്ടർ ബിന്ദു കെ, കരിങ്കുന്നം ഗ്രാമ പഞ്ചായത്തംഗങ്ങൾ, എസ്.എസ്.കെ ഇടുക്കി ജില്ലാ പ്രോഗ്രാം ഓഫീസർ യാസർ എ.കെ, തൊടുപുഴ ബി.ആർ.സി പ്രോജക്ട് കോർഡിനേറ്റർ നജീബ് കെ.എ തുടങ്ങിയവർ പങ്കെടുത്തു. കരിങ്കുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോജി തോമസ് സ്വാഗതവും സ്‌കൂൾ ഹെഡ്മാസ്റ്റർ പ്രസാദ് പി. നായർ നന്ദിയും പറഞ്ഞു. ഗുണമേന്മാ വിദ്യാഭ്യാസം കുട്ടിയുടെ അവകാശം എന്ന ലക്ഷ്യത്തെ മുൻനിർത്തി പൊതു വിദ്യാഭ്യാസ മേഖലയിൽ നടന്നുവരുന്ന ഗവേഷണാത്മക പ്രവർത്തനങ്ങളിൽ പ്രീ സ്‌കൂൾ പഠനത്തിന് മതിയായ പ്രാധാന്യമാണ് നൽകിവരുന്നത്. പ്രീപ്രൈമറി രംഗം ശക്തിപ്പെടുത്തുന്നത് പൊതുവിദ്യാഭ്യാസ മേഖലയുടെ സമഗ്രവളർച്ചയ്ക്ക് വഴിയൊരുക്കുമെന്ന ദീർഘ വീക്ഷണത്തോടെയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.