മൂന്നാർ: കുണ്ടളയ്ക്ക് സമീപം പുതുക്കുടിയിൽ ഉരുൾപൊട്ടി കല്ലും മണ്ണും വെള്ളവും കുത്തിയൊലിച്ചെത്തി താഴ്ചയിലേക്ക് മറിഞ്ഞ ട്രാവലർ കണ്ടെത്തിയത് രണ്ട് മണിക്കൂർ നീണ്ട പരിശോധനകൾക്കൊടുവിൽ. വാഹനത്തിലുണ്ടായിരുന്ന കോഴിക്കോട് സ്വദേശിയായ വിനോദസഞ്ചാരി രൂപേഷിനെ കണ്ടെത്താനായില്ല. വലിയ ദുരന്തം തലനാരിഴയ്ക്കാണ് ഒഴിവായത്. കോഴിക്കോട് സ്വദേശികളായ സഞ്ചാരികളുടെ വാഹനമാണ് കൊക്കയിലേക്ക് പതിച്ചത്. വിനോദ സഞ്ചാരികളുടെ സ്ഥലപരിചയക്കുറവും എന്താണ് സംഭവിച്ചതെന്ന് മനസിലാകാതെ വന്നതുമാണ് അപകടത്തിലേക്ക് എത്തിച്ചതെന്നാണ് നിഗമനം. വട്ടവടയിൽ നിന്ന് കുണ്ടളയ്ക്ക് വരികയായിരുന്ന സംഘം സഞ്ചരിച്ച ട്രാവലറിന് സമീപത്തേക്ക് കല്ലും മണ്ണും ഒഴുകിയെത്തുകയായിരുന്നു. ഇതോടെ വാഹനം മൂന്നോട്ട് നീങ്ങാതായി. പിന്നാലെ വാഹനത്തിലുണ്ടായ ഡ്രൈവറൊഴികെയുള്ള 10 പേരും പുറത്തിറങ്ങി തള്ളി നീക്കാൻ ശ്രമിച്ചു. ഇടയ്ക്ക് കാണാതായ രൂപേഷ് വാഹനത്തിനുള്ളിലേക്ക് മൊബൈലെടുക്കാനായി കയറി. പിന്നാലെ വലിയ മലവെള്ളപ്പാച്ചിലുണ്ടായി. ഡ്രൈവർ ഡോർ തുറന്ന് പുറത്ത് ചാടി ഓടി രക്ഷപ്പെട്ടെങ്കിലും രൂപേഷിന് വാഹനത്തിൽ നിന്നിറങ്ങാനായില്ല. ഇയാളെയും കൊണ്ട് ട്രാവലർ വലിയ കൊക്കയിലേക്ക് പതിക്കുകയായിരുന്നെന്നാണ് ഒപ്പമുണ്ടായിരുന്ന സഞ്ചാരികൾ സാക്ഷ്യപ്പെടുത്തുന്നത്. വിവരമറിഞ്ഞ് പൊലീസും അഗ്നിരക്ഷാ സേനയുമെത്തി ഏറെ നേരം നടത്തിയ പരിശോധനകൾക്കൊടുവിലാണ് ട്രാവലർ പൂർണ്ണമായും നശിച്ച നിലയിൽ കണ്ടെത്തിയത്. വാഹനത്തിൽ ഗ്ലാസുകൾപൊട്ടി തെങ്ങ് തുളച്ച് കയറിയ നിലയിലാണ്. വാഹനം കരണം മറിഞ്ഞ് താഴേക്ക് പതിപ്പോൾ രൂപേഷ് തെറിച്ച് പോയിട്ടുണ്ടാകുമെന്നാണ് വിലയിരുത്തൽ. ഈ സമയം വലിയ മലവെള്ളപ്പാച്ചിലുണ്ടായിരുന്നതിനാൽ എവിടെയാകും വീണതെന്നതും വ്യക്തമല്ല. വലിയ താഴ്ചയിലേക്ക് വാഹനം പോയെന്നാണ് വിലയിരുത്തൽ. വലിയ പാറക്കല്ലുകൾക്ക് മുകളിൽ കിടക്കുന്ന നിലയിലാണ് ട്രാവലർ കണ്ടെത്തിയത്. പൊലീസും ഫയർഫോഴ്‌സും സംഭവ സ്ഥലത്ത് തെരച്ചിൽ നടത്തിയെങ്കിലും കാണാതായ ആളെ കണ്ടെത്താനായിട്ടില്ല. പ്രതികൂല കാലാവസ്ഥ മൂലം തിരച്ചിൽ വൈകിട്ട് 6.30ന് അവസാനിപ്പിച്ചു.

രാത്രി യാത്രയ്ക്ക് നിരോധനം

മൂന്നാർ വട്ടവട റോഡിൽ കുണ്ടള ഡാമിന് സമീപം മണ്ണിടിച്ചിൽ ഉണ്ടായതിനാൽ ഈ റോഡിലൂടെയുള്ള യാത്ര നിരോധിച്ചു. വിനോദസഞ്ചാരികളും മറ്റു യാത്രക്കാരും പ്രത്യേകം ശ്രദ്ധിക്കേണ്ടതും ഈ റോഡിലൂടെയുള്ള യാത്ര ഒഴിവാക്കേണ്ടതാണെന്നും ജില്ലാ കളക്ടർ അറിയിച്ചു. വട്ടവട, ടോപ്പ്‌സ്റ്റേഷൻ സന്ദർശിക്കുവാൻ പോയി മടങ്ങിവരുന്നവരെ സുരക്ഷിതമായി മടങ്ങിവരുവാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. നിരോധനം ഏർപ്പെടുത്തിയ സാഹചര്യത്തിൽ ഞായറാഴ്ച ടോപ്പ്‌സ്റ്റേഷൻ, വട്ടവട, കുണ്ടള എന്നിവിടങ്ങളിലേക്ക് സഞ്ചാരികൾക്ക് യാത്ര ചെയ്യാനാവില്ല. ഉരുൾപൊട്ടലിനെ തുടർന്ന് മാട്ടുപ്പെട്ടി റോഡിൽ വൻ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. റോഡിൽ കുടുങ്ങിയ വാഹനങ്ങൾ പൊലീസിന്റെ നേതൃത്വത്തിൽ ഏറെ നേരം പരിശ്രമിച്ചാണ് കടത്തിവിട്ടത്. താൽക്കാലികമായി ഗതാഗത തടസം മാറ്റിയിട്ടുണ്ട്.

കനത്ത മഴ

മൂന്നാറിൽ രാവിലെ മുതൽ ആരംഭിച്ച കനത്തമഴ ഇന്നലെ വൈകിയും തുടരുകയാണ്.
ഇന്നലെ ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിരുന്നു. ഇന്നലെ മറ്റിടങ്ങളിൽ ശക്തമായ മഴയുണ്ടായിരുന്നുമില്ല. അതേസമയം ഇന്നും നാളെയും ജില്ലയിൽ യെല്ലോ അലർട്ട് നിലനിൽക്കുന്നുണ്ട്. ശക്തമായ മഴക്ക് രാത്രി വൈകി കുറവ് വന്നിട്ടുണ്ടെങ്കിലും കനത്ത മൂടൽ മഞ്ഞ് പരിശോധനകൾക്ക് തടസമായി. കാണാതായ ആൾക്കുവേണ്ടിയുള്ള തെരിച്ചിൽ ഇന്ന് രാവിലെ പുനരാരംഭിക്കുമെന്ന് ദേവികുളം സബ് കളക്ടർ അറിയിച്ചു.

ആഗസ്റ്റിൽ ഉരുൾപൊട്ടലുണ്ടായതിനരികെ

ആഗസ്റ്റിൽ പുതുക്കടിയിൽ ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലത്തു നിന്ന് വെറും മൂന്നു കിലോമീറ്റർ അകലെയാണ് ഇന്നലെ ഉരുൾപൊട്ടിയത്. അന്ന് 141 കുടുംബങ്ങളിലെ 450 പേരാണ് ഉരുൾ വഴിമാറി പോയതിനാൽ രക്ഷപ്പെട്ടത്. കുടിവെള്ള സംഭരണി,​ കടകൾ,​ ക്ഷേത്രം,​ ആട്ടോറിക്ഷകൾ എന്നിവ തകർന്നിരുന്നു.​ ഇപ്പോൾ ഉരുൾപൊട്ടൽ സംഭവിച്ച സ്ഥലത്തു നിന്ന് കുണ്ടള ഡാമിലേക്ക് ഒരു കിലോമീറ്റർ ദൂരം മാത്രമാണുള്ളത്.