അടിമാലി: മാങ്കുളം ആനക്കുളത്ത് ബൈക്കിൽ പള്ളിയിലേക്ക് പോയ ദമ്പതികളെ കാട്ടാന ആക്രമിച്ചു. ആനക്കുളം കുറ്റിപ്പാലായിൽ ജോണി, ഭാര്യ ഡെയ്‌സി എന്നിവർക്കാണ് ആനയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഇന്നലെ രാവിലെ മലയാറ്റൂർ ഫോറസ്റ്റ് ഡിവിഷനിലെ കുട്ടമ്പുഴ റേഞ്ചിൽപ്പെട്ട വലിയപാറ കുടിയിലാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. ഭാര്യയും ഭർത്താവും സഞ്ചരിച്ചിരുന്ന ബൈക്ക് റോഡരികിൽ നിന്ന് പാഞ്ഞെത്തിയ കാട്ടാന കുത്തി മറിച്ചിടുകയായിരുന്നു. ഈ സമയം ഇരുവരും ബൈക്കിൽ നിന്ന് തെറിച്ചു വീണു. ഉടൻ നാട്ടുകാർ പടക്കം പൊട്ടിച്ചും ബഹളം വച്ചും കാട്ടാനയെ തുരത്തിയോടിച്ചതിനാലാണ് ദമ്പതികളുടെ ജീവൻ തിരിച്ചുകിട്ടിയത്. പരിക്കേറ്റ ദമ്പതികളെ വനംവകുപ്പ് ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തിച്ചു.