
കാന്തല്ലൂർ: ശീതകാല പച്ചക്കറി കേന്ദ്രമായ കാന്തല്ലൂരിൽ പച്ചക്കറികൾ തുടർച്ചയായി പെയ്യുന്ന മഴയിലും വെള്ളക്കെട്ടിലും ചീഞ്ഞ് നശിക്കുന്നു. കൂടുതലും വിളവെടുപ്പിന് പാകമായ കാബേജാണ് നശിക്കുന്നത്. ഇടവിടാതെയുള്ള മഴയാണ് കഴിഞ്ഞ രണ്ടാഴ്ചയായി മേഖലയിൽ പെയ്ത് വരുന്നത്. പ്രതികൂല കാലാവസ്ഥയ്‌ക്കൊപ്പം കോടമഞ്ഞും അനുഭവപ്പെടുന്നുണ്ട്. പകൽ സമയത്ത് പോലും വെയിൽ ഇല്ലാതെ ശൈത്യ കാലാവസ്ഥയാണ്. ഇതോടെ വിളവെടുപ്പിന് പാകമായ പച്ചക്കറികളും ഒരുമാസം പ്രായമുള്ള കാബേജ് ഉൾപ്പെടെയുള്ള വിളകളും തോട്ടങ്ങളിൽ വെള്ളം നിറഞ്ഞ് ചീഞ്ഞ് നശിക്കുകയാണ്.
തുടർച്ചയായി മഴയുള്ളതിനാൽ പാടത്തിറങ്ങി വിളവെടുക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്. കാബേജ് തൈകളിൽ മണ്ണിന്റെ അടിയിൽ കിഴങ്ങ് പിടിക്കുന്നുണ്ട്. ഇങ്ങനെ തൈകളിൽ കിഴങ്ങ് പിടിക്കുന്നത് ക്ലബ് റൂട്ട് എന്ന രോഗമാണെന്നും ഇതിന് ഫലവത്തായ മരുന്നില്ലെന്നും കൃഷിവകുപ്പ് അധികൃതർ പറഞ്ഞു. ഗുണനിലവാരം ഇല്ലാത്ത വിത്തായതുകൊണ്ടോ മണ്ണിലെ കുമ്മായത്തിന്റെ അംശം കുറവായതിനാലോ സംഭവിക്കുന്നതാണ് ഇതെന്നും പറയുന്നു.