മൂന്നാർ: മഴ മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ മാട്ടുപ്പെട്ടി, കുണ്ടള, വട്ടവട മേഖലകളിലേക്കുള്ള യാത്രയ്ക്ക് നിയന്ത്രണം തുടരും. ഈ മേഖലകളിലൂടെയുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർ ഷീബ ജോർജ്ജ് പറഞ്ഞു. ടോപ്പ് സ്റ്റേഷൻ സന്ദർശനം കഴിഞ്ഞ് മടങ്ങവെയായിരുന്നു കോഴിക്കോട് നിന്നുള്ള വിനോദ സഞ്ചാര സംഘം ശനിയാഴ്ച്ച ഉരുൾപൊട്ടലിൽ അകപ്പെട്ട സാഹചര്യത്തിലാണ് മുന്നറിയിപ്പ്. മേഖലയിൽ കനത്ത മഴ ഉണ്ടായ സാഹചര്യത്തിലാണ് ഉരുൾപൊട്ടലുണ്ടായത്. ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് കുണ്ടള പുതുക്കടിയിൽ ഉരുൾപൊട്ടലുണ്ടായത്. 11 പേരായിരുന്നു ഈ സമയത്ത് വാഹനത്തിൽ ഉണ്ടായിരുന്നത്. വാഹനം റോഡിലെ ചെളിയിൽ പൂണ്ടതോടെ വാഹനത്തിൽ ഉണ്ടായിരുന്നവർ പുറത്തിറങ്ങി. ഈ സമയം കൂടുതലായി മുകളിൽ നിന്ന് കല്ലും മണ്ണും ചെളിയും ഒഴുകിയെത്തുകയും വാഹനം പാതയോരത്തെ കൊക്കയിലേക്ക് പതിക്കുകയുമായിരുന്നു. ഡ്രൈവറും മറ്റുള്ളവരും ഓടി രക്ഷപ്പെടുകയായിരുന്നു. രൂപേഷ് മൊബൈലെടുക്കാനായി വീണ്ടും അകത്ത് കയറിയതാണ് ദുരന്തത്തിന് ഇടയാക്കിയത്. പ്രതികൂല കാലവസ്ഥയെ തുടർന്ന് ശനിയാഴ്ച വൈകിട്ട് രൂപേഷിനായുള്ള തിരച്ചിൽ അവസാനിപ്പിച്ചിരുന്നു. ഇന്നലെ രാവിലെ 7.50ന് വാഹനം കിടന്നതിന് അൽപ്പം താഴെ മാറി മണ്ണിൽ പുതഞ്ഞ നിലയിൽ മൃദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം രണ്ടായി വേർപെട്ടിരുന്നു. അഡ്വ. എ. രാജ എം.എൽ.എ. ജില്ലാ കലക്ടർ ഷീബാ ജോർജ്ജ്, ജില്ലാ പൊലീസ് മേധാവി വി.യു. കുര്യാക്കോസ്, ദേവികുളം സബ് കലക്ടർ രാഹുൽ കൃഷ്ണ ശർമ്മ, ത്രിതല പഞ്ചായത്തംഗങ്ങൾ, മറ്റുദ്യോഗസ്ഥ പ്രതിനിധികൾ തുടങ്ങിയവർ ദുരന്തസ്ഥലത്തെത്തിയിരുന്നു.
കാഴ്ച കാണാനെത്തി, കണ്ണീരോടെ മടക്കം
കോഴിക്കോട് നിന്ന് മൂന്നാറിന്റെ സൗന്ദര്യം ആസ്വദിക്കാനെത്തിയ കുടംബാംഗങ്ങളെയും ബന്ധുക്കളെയും തനിച്ചാക്കി രൂപേഷ് യാത്രയായി. രൂപേഷിന്റെ അമ്മയും ഭാര്യ കിരണും മകൾ ശ്രുതിയുമടക്കം സംഘത്തിലുണ്ടായിരുന്നു. അടിച്ചുപൊളിച്ചു കുടുംബാംഗങ്ങൾക്കൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് അപ്രതീക്ഷിതമായി ദുരന്തമെത്തിയത്. രൂപേഷിനെ കാണാതായെങ്കിലും രക്ഷപ്പെട്ടിട്ടുണ്ടാകുമെന്ന് തന്നെയായിരുന്നു എല്ലാവരുടെയും പ്രതീക്ഷ. മൊബൈൽ ഫോണെടുക്കുന്നതിന് വേണ്ടി തിരികെ പോയ രൂപേഷ് എന്നന്നേയ്ക്കുമായാണ് പോയതെന്ന് പ്രിയതമ കിരണിനും ആദ്യം മനസിലായില്ല. അമ്മയുടെ മടിയിലിരുന്ന് മൂന്നര വയസുള്ള പെന്നോമനയും അച്ഛൻ വരുന്നതും കാത്തിരുന്നു. രൂപേഷ് തിരിച്ചു വരും എന്ന പ്രതീക്ഷ അപ്പോഴും അവശേഷിച്ചിരുന്നു. എന്നാൽ ഇന്നലെ രാവിലെ എഴരയോടെ തന്റെ പ്രിയപ്പെട്ടവന്റെ ജഡം കണ്ടെടുത്തതോടെ അവളുടെ കാത്തിരിപ്പ് ദുഃഖ കടലായി മാറി. കോഴിക്കോട് അശോകപുരം സ്വദേശിയായ രൂപേഷിന്റെ ഭാര്യ കിരണും മൂന്നര വയസുള്ള ശ്റുതിയും ഇനി തനിച്ചാണ്. വർഷങ്ങളായി വദേശത്ത് ജോലിയായിരുന്ന രൂപേഷ് വിവാഹശേഷം നാട്ടിൽ തന്നെ കൂടുകയായിരുന്നു. മെക്കാനിയ്ക്കൽ എൻജിനീയറായിരുന്നു. അശോകപുരത്ത് മാസ്റ്റേഴ്‌സ് അക്കാഡമി എന്ന സ്ഥാപനം നടത്തി വരികയായിരുന്നു.