കുമളി: മുന്നാക്ക സമുദായങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം അനുവദിച്ചതിനെ സുപ്രീംകോടതി ശരിവെച്ചത് നിരാശാജനകമാണെന്ന് കേരള വിശ്വകർമ്മസഭ പീരുമേട് താലൂക്ക് യൂണിയൻ കമ്മിറ്റി അഭിപ്രായപ്പെട്ടു. ഈ വിധി ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളുടെ ലംഘനമാണ്. വിശ്വകർമ്മജർ അടക്കമുള്ള സമുദായങ്ങളുടെ പിന്നാക്കാവസ്ഥയെ കുറിച്ച് ആഴത്തിൽ പഠനം നടത്തുന്നതിനുള്ള ഒരു ശ്രമവും സർക്കാർ നടത്തുന്നില്ല. ഇതിനെതിരായി കേരള വിശ്വകർമ്മ സഭ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട്‌ കേരള വിശ്വകർമ്മസഭ സംസ്ഥാന സെക്രട്ടറി സതീഷ് പുല്ലാട്ട് പറഞ്ഞു. യോഗത്തിൽ യൂണിയൻ പ്രസിഡന്റ് എം.എസ്. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം ഗീതാകുമാർ, രാജേഷ്, രോഹിത് രാജ്, സുധീർ എന്നിവർ സംസാരിച്ചു.