accident
കാറിനുള്ളിലേക്ക് മരക്കൊമ്പ് തറച്ചു കയറിയ നിലയിൽ

നെടുങ്കണ്ടം: നെടുങ്കണ്ടത്ത് ഏലപ്പാറ സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറിനുള്ളിലേക്ക് മരക്കൊമ്പ് തറച്ചു കയറി. യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു. ശനിയാഴ്ച രാത്രി നെടുങ്കണ്ടം ബി.എഡ് കോളേജിന് സമീപമാണ് അപകടം നടന്നത്. രാജാക്കാട് നിന്ന് ഏലപ്പാറയ്ക്ക് പോവുകയായിരുന്ന ഏലപ്പാറ വെട്ടുപറമ്പിൽ മനോജും കുടുംബവും സഞ്ചരിച്ചിരുന്ന കാറിന്റെ മുകളിലേക്ക് ഉണക്ക മരക്കൊമ്പ് ഒടുഞ്ഞു വീഴുകയായിരുന്നു. ഒടിഞ്ഞുവീണ മരക്കൊമ്പ് മുൻവശത്തെ ഗ്ലാസിലൂടെ അകത്തേക്ക് തുളച്ചുകയറി. അപകട സമയത്ത് കാറിന്റെ മുൻ സീറ്റിൽ മനോജും ഭാര്യ വിജിയുമായിരുന്നു ഉണ്ടായിരുന്നത്. മുൻസീറ്റിൽ വിജിയുടെ മടിയിലിരുന്ന മകനെ അപകടത്തിന് ഏതാനും മിനിറ്റുകൾക്കു മുമ്പാണ് പുറകിലത്തെ സീറ്റിലേക്ക് മാറ്റിയത്. ഗ്ലാസ് തുളച്ച് അകത്തു വന്ന മരകൊമ്പ് മനോജിന്റെ സീറ്റിലും വയറിന്റെ വശത്തുമായി മുട്ടി നിൽക്കുകയായിരുന്നു.