തൊടുപുഴ: ഇസ്രായേലിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെടുത്ത കേസിൽ പ്രതികളായ എറണാകുളം മഞ്ഞപ്ര കരയിൽ ചാത്തനാട്ട് വീട്ടിൽ വർഗീസ്, ഇലഞ്ഞി മുത്തോലപുരം നാരിപ്പാറ വീട്ടിൽ തങ്കച്ചൻ, ഭാര്യ സിന്ധു തങ്കച്ചൻ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ തൊടുപുഴ സെഷൻസ് കോടതി ജഡ്ജി പി. എസ്. ശശികുമാർ തള്ളി ഉത്തരവായി. അടിമാലി ഒറവലക്കുടി വീട്ടിൽ റോബിൻസന്റെ പരാതിയിൽ ശാന്തൻപാറ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി നടപടി. കേസിലെ ഒന്നാം പ്രതിയായ അയ്യമ്പുഴ ചുള്ളികരയിൽ കിളിയേൽകുടി വീട്ടിൽ ജോളിയും ഭാര്യ ഷാലിയും 594000 രൂപ കൈപറ്റിയ ശേഷം ജോലി നൽകാതെയും വാങ്ങിയ പണം തിരികെ നൽകാതെയും വന്നതിനെ തുടർന്നാണ് റോബിൻസൻ പൊലീസിൽ പരാതി നൽകിയത്. തുടർന്നുള്ള അന്വേഷണത്തിൽ ജോളിയുടെ പിതാവായ വർഗീസ്, സഹോദരിയായ സിന്ധു, നാലാം പ്രതി പാലക്കാട് കിനാവൂർ മടപ്പാട്ട് ഭവനം വീട്ടിൽ പൃഥ്വിരാജ് എന്നിവർക്കും കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന കാര്യം പൊലീസ് കണ്ടെത്തി. 2019 മുതൽ ഇസ്രായേലിൽ ജോലി വാഗ്ദാനം ചെയ്ത് 50 ൽപരം ആളുകളിൽ നിന്നും അഞ്ച് ലക്ഷം രൂപ വീതം കൈപ്പറ്റിയ ശേഷം ജോലി നൽകാതെ കബളിപ്പിച്ചതായും പൊലീസിന്റെ അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് ബി. സുനിൽ ദത്ത് കോടതിയിൽ ഹാജരായി.