കട്ടപ്പന: ജില്ലയിൽ വിവാദമായ ഭൂനിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.എൻ.ഡി.പി യോഗം യൂത്ത്മൂവ്‌മെന്റിന്റെ നേതൃത്വത്തിൽ നടത്തുന്ന സമരപ്രഖ്യാപനം 'യോഗജ്വാല" ഡിസംബർ 24 ന് കട്ടപ്പനയിൽ നടക്കും. ടൗൺഹാളിൽ നടക്കുന്ന സമ്മേളനം എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും. യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, യൂത്ത്മൂവ്‌മെന്റ് കേന്ദ്രസമിതി നേതാക്കൾ എന്നിവർ പങ്കെടുക്കും. ജില്ലയിലെ ഏഴ് യൂണിയനുകളിൽ നിന്നുള്ള യുവാക്കൾ റാലിയിൽ അണിനിരക്കും. യോഗജ്വാല വിജയിപ്പിക്കുന്നതിന് നടന്ന മലനാട് യൂണിയൻ യൂത്ത്മൂവ്‌മെന്റ് സമ്മേളനം യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ ഉദ്ഘാടനം ചെയ്തു. യോഗജ്വാല ഈ നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള സമരപ്രഖ്യാപനമായി മാറുമെന്ന് അദ്ദേഹം പറഞ്ഞു. നാടിന്റെ പുരോഗതിയെ തടസപ്പെടുത്തുന്ന ലക്ഷകണക്കിന് മനുഷ്യനെ ബാധിക്കുന്നതും കനത്തസാമൂഹ്യ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതുമായ നിയമങ്ങൾ പിൻവലിക്കുന്നതുവരെ സമരമുഖത്ത് ശക്തമായി നിലയുറപ്പിക്കുമെന്നാണ് യൂത്ത്മൂവ്‌മെന്റ് യോഗജ്വാല മുന്നോട്ട് വയ്ക്കുന്ന സന്ദേശമെന്നും അതിന്റെ പോരാട്ടമുഖത്ത് യൂത്ത്മൂവ്‌മെന്റ് മുൻപന്തിയിൽ ഉണ്ടാകുമെന്നും ബിജു മാധവൻ പറഞ്ഞു. യൂത്ത്മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് കെ.പി. ബിനീഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് വിധു എ. സോമൻ ആശംസയർപ്പിച്ചു. യൂണിയൻ കൗൺസിലർ, യൂത്ത്മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി സുബീഷ് വിജയൻ, സൈബർസേന, എസ്.എൻ ക്ലബ്, യൂത്ത്മൂവ്‌മെന്റ് യൂണിയൻ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. 38 ശാഖാകളിൽ നിന്നുള്ള നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.