തൊടുപുഴ: കരിങ്കുന്നം പൊലീസ് സ്റ്റേഷനിൽ ഇന്നലെ രാത്രി 12 മണിയോടെ ഒരു യുവാവ് ബൈക്കിൽ കേറിവന്നു… ഭയപ്പാടോടെ. 'സാറേ എന്നെ പാമ്പ് കടിച്ചു.. രക്ഷിക്കണം..' പാമ്പുകടിയേറ്റതിനെ തുടർന്ന് സഹായത്തിനായി പൊലീസ് സ്റ്റേഷനിലെത്തിയ പാറക്കടവ് സ്വദേശിയായ ജിത്തു തങ്കച്ചനാണ് പൊലീസ് രക്ഷകരായത്. ബൈക്കിൽ പാലയിൽ നിന്ന് കരിങ്കുന്നത്തേക്ക് വരുന്ന വഴിയിൽ ബൈക്കിന്റെ ഹാൻഡിലിൽ കയറിക്കൂടിയ പാമ്പാണ് കൈയിൽ കടിച്ചത്. സ്റ്റേഷനിലെത്തിയ ഉടൻ തന്നെ രാത്രി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ജ്യോതിഷ്, അക്ബർ, സിവിൽ പൊലീസ് ഓഫീസറായ ഉമേഷ് എന്നിവർ ചേർന്ന് യുവാവിന് പ്രഥമശുശ്രൂഷ നൽകി. മുറിവ് കഴുകി കടിയേറ്റ ഭാഗത്ത് നിന്ന് വിഷം പടരുന്നത് തടയാനായി കെട്ടിവച്ചു. രാത്രി പട്രോളിംഗ് നടത്തി വന്നിരുന്ന അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ഷാജു, സീനിയർ സിവിൽ പൊലീസ് ഓഫീസർ മധു എന്നിവരെ വിവരം അറിയിച്ചു. അവശനിലയിലായ യുവാവിനെ ഉടൻ തന്നെ തൊടുപുഴയിലെ ആശുപത്രിയിലാക്കി. കൃത്യസമയത്ത് ലഭിച്ച പ്രഥമശുശ്രൂഷയും ചികിത്സയും അപകടനില തരണം ചെയ്യുവാൻ സാധിച്ചു. ശേഷം ബന്ധുക്കളെ വിളിച്ചുവരുത്തിയതിനുശേഷമാണ് പൊലീസ് ഉദ്യോഗസ്ഥർ മടങ്ങിയത്.