കുമളി: തോട്ടം മേഖലയിൽ ജനങ്ങളുടെ സ്വസ്ഥത കെടുത്തി വീണ്ടും പുലി ശല്യം. ഇന്നലെ മൂന്നാറിലിറങ്ങിയ പുലി വളർത്തുമൃഗങ്ങളെ കൊന്നു. കഴിഞ്ഞദിവസം കുമളി ചോറ്റുപാറയ്ക്ക് സമീപം ദേശീയ പാതയിൽ യാത്രചെയ്തവർ പുലിയെ കണ്ടിരുന്നു. സമീപത്തെ സി.സി ടി.വി ദൃശ്യങ്ങളിലും പുലിയുടെ ചിത്രം തെളിഞ്ഞിട്ടുണ്ട്. ഇതിനുമുമ്പും ഇവിടെ പുലിയെ കണ്ടിരുന്നു. ഏതാനും മാസങ്ങൾക്ക് മുമ്പ് വളർത്തുമൃഗങ്ങളെ പുലി കൊന്നതിനെ തുടർന്ന് വനപാലകർ കൂട് വച്ചിരുന്നു. അതിൽ ഒരു പുലി അകപ്പെട്ടിരുന്നു. തുടർന്ന് അറുപത്തിരണ്ടാംമൈൽ,​ വാളാടി ഭാഗങ്ങളിൽ പുലിശല്യമില്ലായിരുന്നു. എന്നാൽ വണ്ടിപ്പെരിയാർ മഞ്ചുമല എസ്റ്റേറ്റിൽ വീണ്ടും പുലിയെ കണ്ടു. ജനം ഭീതിയിലിരിക്കെ കഴിഞ്ഞ ആഴ്ച ഒരു പെൺപുലിയെ ചത്തനിലയിൽ കണ്ടെത്തി. ഇപ്പോൾ വീണ്ടും ജനവാസ മേഖലയിൽ പുലി ഇറങ്ങിയതോടെ ജനങ്ങൾ ഭീതിയിലാണ്. വളർത്തുമൃഗങ്ങളെയാണ് പുലി പിടിക്കുന്നത്. പശുക്കൾ, ആട്, വളർത്ത് നായ, തുടങ്ങിയവയെ നിരന്തരം കൊന്നു തിന്നുകയാണ്. തേക്കടി കടുവാ സങ്കേതത്തിൽ നിന്നാണ് ഇവ ജനവാസമേഖലയിൽ ഇറങ്ങി മനുഷ്യർക്കും വളർത്തുമൃഗങ്ങൾക്കും ഒരു പോലെ ഭീഷണിയായിരിക്കുന്നത്.

ഭയന്ന് തോട്ടംമേഖല

തോട്ടത്തിലെ പണികൊണ്ട് മാത്രം ഉപജീവനം നയിക്കാൻ കഴിയാതെ വരുന്നതുകൊണ്ടാണ് തൊഴിലാളികൾ പശു വളർത്തൽ നടത്തുന്നത്. എന്നാൽ ഇപ്പോൾ പകൽ പോലും പുറത്തിറങ്ങാനോ തേയില തോട്ടങ്ങളിൽ പണിയെടുക്കാനോ ഈ പാവങ്ങൾ ഭയപ്പെടുകയാണ്. ആനയും മറ്റ് കാട്ടുമൃഗങ്ങളും വന്നുപോകുക, നാട്ടുകാരെ മുൾമുനയിൽനിർത്തി കാർഷിക വിളകൾ നശിപ്പുക്കുക, ദിവസങ്ങളോളം നാട്ടിൽ ചുറ്റിത്തിരിയുക എന്നതൊക്കെയായിരുന്നു ഇത് വരെ കണ്ടിരുന്നത്. എന്നാൽ പുലികൾ ഒന്നൊന്നായി ഇറങ്ങാൻ തുടങ്ങിയതോടെ നാട്ടുകാർ ഭയത്തിലാണ്.