നെടുങ്കണ്ടം: സംസ്ഥാനത്ത് പ്രാഥമികതലം മുതൽ പാഠ്യപദ്ധതി പരിഷ്‌കാരം നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് സർക്കാരെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. നെടുങ്കണ്ടം പച്ചടി ശ്രീനാരായണ എൽ.പി സ്‌കൂളിന്റെ ഹൈടെക് മന്ദിരോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പാഠ്യ പദ്ധതിയിൽ നൂതന മാറ്റങ്ങൾ ഇനിയും വരും. ഇതിൽ പൊതുജന പങ്കാളിത്തവും ഉണ്ടാകണം. സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് മേഖലകളിൽ ഒന്നിച്ചായിരിക്കും പരിഷ്‌കാരങ്ങൾ കൊണ്ടുവരുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ കുട്ടികൾക്ക് വിവരസാങ്കേതിക വിദ്യാഭ്യാസം നൽകുന്നത് കേരളത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

സ്‌കൂൾ മാനേജർ സജി പറമ്പത്ത് അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സ്‌കൂൾ ബിൽഡിംഗ് സമർപ്പണം നിർവഹിച്ചു. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ സ്‌കൂൾ ഓഫീസ് ഉദ്ഘാടനം ചെയ്തു. ഡീൻ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തി. എം.എം. മണി എം.എൽ.എ അനുഗ്രഹ പ്രഭാഷണവും പാചകശാല ഉദ്ഘാടനവും നിർവഹിച്ചു. ഹൈടെക് ക്ലാസ് റൂം സമർപ്പണം ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി മെമ്പർ വി.എൻ. മോഹനൻ നിർവഹിച്ചു. നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭന വിജയൻ സ്‌കൂൾ ഗാർഡൻ സമർപ്പണം നടത്തി. എസ്.എൻ.ഡി.പി യോഗം നെടുങ്കണ്ടം ശാഖാ പ്രസിഡന്റ് സി.എൻ. ദിവാകരൻ ഭദ്രദീപ പ്രകാശനം നിർവഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സുരേഷ് കുമാർ, നെടുങ്കണ്ടം പഞ്ചായത്ത് മെമ്പർ സിജോ നടയ്ക്കൽ, എസ്.എൻ.ഡി.പി യോഗം നെടുങ്കണ്ടം യൂണിയൻ സെക്രട്ടറി സുധാകരൻ ആടിപ്ലായ്ക്കൽ, യോഗം ഡയറക്ടർ ബോർഡ് മെമ്പർ കെ.എൻ. തങ്കപ്പൻ എന്നിവർ സംസാരിച്ചു. നെടുങ്കണ്ടം ശാഖാ സെക്രട്ടറി ടി.ആർ. രാജീവ് മുൻ മാനേജർമാരെ ആദരിച്ചു. നിർമ്മാണ കമ്മിറ്റി കൺവീനർ പി.കെ. ഷാജി റിപ്പോർട്ട് അവതരിപ്പിച്ചു. പച്ചടി സെന്റ് ജോസഫ് എൽ.പി.എസ് മാനേജർ ഫാ. ജോസഫ് പൈമ്പള്ളിൽ, കാർഷിക കടാശ്വാസ കമ്മിഷൻ മെമ്പർ ജോസ് പാലത്തിനാൽ, സി.പി.എം ജില്ലാ കമ്മിറ്റി അംഗം പി.എൻ. വിജയൻ, ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. സേനാപതി വേണു, സി.പി.ഐ പ്രതിനിധി അജീഷ് മുതുകന്നേൽ, ബി.ജെ.പി ജില്ലാ കമ്മിറ്രി അംഗം അഡ്വ. പി.കെ. വിനോദ് കുമാർ, പച്ചടി ശാഖാ പ്രസിഡന്റ് കെ.ആർ. ബിജു കോട്ടയിൽ, മഞ്ഞപ്പെട്ടി ശാഖാ പ്രസിഡന്റ് മനോജ് പാറയടിയിൽ, മഞ്ഞപ്പാറ ശാഖാ പ്രസിഡന്റ് കെ.കെ. മോഹനൻ, ചിന്നാർ ശാഖാ പ്രസിഡന്റ് പി. സജി, ഈട്ടിത്തോപ്പ് ശാഖാ പ്രസിഡന്റ് സജീവ് ഈറ്റക്കൽ, ലേഖ ശ്രീധരൻ, സ്‌കൂൾ പി.ടി.എ സെക്രട്ടറി സതീഷ് കെ.വി, സ്‌കൂൾ എം.പി.ടി.എ പ്രസിഡന്റ് ഡെയ്‌സി ആന്റോ, നിയുക്ത പി.ടി.എ പ്രസിഡന്റ് പ്രസന്ന കുമാർ, നിയുക്ത എം.പി.ടി.എ പ്രസിഡന്റ് ചിപ്പി കുര്യൻ എന്നിവർ ആശംസകളർപ്പിച്ചു. തുടർന്ന് സ്‌കൂൾ നിർമ്മാണ പ്രവർത്തകരെ ആദരിച്ചു. സ്‌കൂൾ ഹെഡ്മാസ്റ്റർ പി.കെ. ബിജു പുളിയ്ക്കലേടത്ത് സ്വാഗതവും പി.ടി.എ പ്രസിഡന്റ് സുനിൽ പാണംപറമ്പിൽ നന്ദിയും പറഞ്ഞു.

സർക്കാർ ശ്രമം ഭൂപ്രശ്നം പരിഹരിക്കാൻ: റോഷി അഗസ്റ്റിൻ

ജില്ലയിലെ ഭൂപ്രശ്‌നം പരിഹരിക്കാനും നിർമ്മാണ നിരോധനം നീക്കാനും സർക്കാർ ശ്രമിച്ചു വരികയാണെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ. പച്ചടി എസ്.എൻ എൽ.പി സ്‌കൂൾ പുതിയ ഓഫീസ് മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സങ്കീർണ്ണമായ വിഷയമായതിനാൽ ഇതിന് കാലതാമസം വന്നേക്കാം. എങ്കിലും കർഷകർ ആശങ്കപ്പെടേണ്ട കാര്യമില്ല. വിദ്യാഭ്യാസ മേഖലയിൽ അടിസ്ഥാന സൗകര്യവികസനത്തിന് എയ്ഡഡ് സ്‌കൂളുകളെ കൂടി പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.