ഇടുക്കി : മെഡിക്കൽ കോളേജിലെ പുതിയ എം.ബി.ബി.എസ്. ബാച്ചിന്റെ ക്ലാസുകൾ ഇന്ന് പ്രവേശനോത്സവത്തോടെ ആരംഭിക്കും. ദേശീയ മെഡിക്കൽ കമ്മീഷന്റെ അനുമതി ലഭിച്ച 100 എം.ബി.ബി.എസ്. സീറ്റുകളിലേക്കുള്ള പ്രവേശനം ഒക്ടോബർ 22 നാണ് തുടങ്ങിയത്. നിലവിൽ 77 വിദ്യാർത്ഥികൾ പ്രവേശനം നേടിയിട്ടിട്ടുണ്ട്. ഇതിൽ 76 പേർ സംസ്ഥാനത്ത് നിന്നും ഒരാൾ ഓൾ ഇന്ത്യാ റാങ്ക് ലിസ്റ്റിൽ നിന്നുമാണ്. ഇവർക്കുള്ള താമസം, യാത്ര, ഭക്ഷണം എന്നിവയ്ക്കുള്ള താൽക്കാലിക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇന്ന് രാവിലെ 10 ന് വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുക്കുന്ന പ്രവേശനോത്സവം മെഡിക്കൽ കോളേജ് ഓഡിറ്റോറിയത്തിൽ ജല വിഭവ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. ഡീൻ കുര്യാക്കോസ് എം.പി. മുഖ്യാഥിതിയാവും.
സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.ജി. കെ.ഫിലിപ്പ്, കളക്ടർ ഷീബ ജോർജ്, പ്രിൻസിപ്പാൾ ഡോ. മീന ഡി, , ജനപ്രതിനിധികൾ, ആശുപത്രി വികസന സൊസൈറ്റി അംഗങ്ങൾ, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുക്കും. പ്രവേശനോത്സവത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമുള്ള ഓറിയന്റേഷൻ ക്ലാസും സംഘടിപ്പിച്ചിട്ടുണ്ട്.