കട്ടപ്പന: കാലാവസ്ഥാ വ്യതിയാനവും അനുബന്ധ ബുദ്ധിമുട്ടുകളും പരിഗണിക്കമ്പോൾ ശുദ്ധജല ലഭ്യത ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ. നാഷണൽ ഹൈഡ്രോളജി പ്രൊജക്ടിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ സജ്ജമാക്കിയ ജലഗുണനിലവാര പരിശോധന ലാബുകളുടെ സംസ്ഥാനതല ഉദ്ഘാടനം കട്ടപ്പന ഗവ. ട്രൈബൽ ഹയർസെക്കൻഡറി സ്‌കൂളിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.ശുദ്ധജല ലഭ്യതയും ഗുണനിലവാരവും ഉറപ്പുവരത്തേണ്ടത് അതീവ പ്രാധാന്യത്തോടെയാണ് സംസ്ഥാന സർക്കാർ കാണുന്നത്. ഇതിന് ആവശ്യമായ പരിശോധനകൾ എത്രയും വേഗം നടപ്പിലാക്കാൻ കഴിയുന്ന മാർഗം ഹയർസെക്കൻഡറി സ്‌കൂളുകളിലെ കെമിസ്ട്രി ലാബുകളാണ്. ഇത് പ്രയോജനപ്പെടുത്തിയാണ് സംസ്ഥാന സർക്കാർ ഇത്തരത്തിൽ പദ്ധതി ആവിഷ്‌കരിച്ചത്. നിലവിലുള്ള പരിശോധനകളിലെ 16 ഇനങ്ങൾ ഇത്തരം ലാബുകളിൽ പരിശോധിക്കാൻ കഴിയുമെന്ന് മന്ത്രി പറഞ്ഞു. കുറഞ്ഞ നിരക്കിൽ പരിശോധനകൾ നടത്താൻ കഴിയുന്നത് സാധാരണക്കാർക്ക് പ്രയോജനപ്പെടും.

ശുദ്ധജല ലഭ്യത ഉറപ്പുവരുത്താൻ നിയോജകമണ്ഡലത്തിലുടനീളം ഡാമുകളിൽ നിന്ന് വെള്ളമെടുത്ത് ശുദ്ധീകരിച്ച് ജനങ്ങൾക്കെത്തിക്കും. ഇടുക്കി നിയമസഭാ മണ്ഡലത്തിൽ ഇതിനായി 715 കോടി രൂപയുടെ പദ്ധതികൾക്ക് ഭരണാനുമതി കൊടുത്തതായി മന്ത്രി വ്യക്തമാക്കി. എല്ലാ വീടുകളിലും രണ്ട് വർഷം കൊണ്ട് ശുദ്ധജലം എത്തിക്കും. ഇതിന് പഞ്ചായത്തുകൾ സഹകരിക്കണമെന്ന് മന്ത്രി പ്രത്യേകം ആവശ്യപ്പെട്ടു.
സംസ്ഥാനത്ത 14 ജില്ലകളിലുമായി 28 സ്‌കൂൾ ലബോറട്ടറികളിലാണ് ജലഗുണനിലവാര പരിശോധന ലാബുകൾ തുടങ്ങിയിട്ടുള്ളത്. പദ്ധതി പ്രകാരം തിരഞ്ഞെടുത്ത സ്‌കൂളുകളിൽ ജല ഗുണനിലവാരം പരിശോധിക്കുന്നതിന് ആവശ്യമായ ഉപകരണങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. ഗുണനിലവാര പരിശോധനക്ക് വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും വകുപ്പ് മഖേന പരിശീലനവും നൽകും.
ചടങ്ങിൽ കട്ടപ്പന ഗവ. ട്രൈബൽ ഹയർസെക്കൻഡറി സ്‌കൂളിൽ നിന്ന് മികച്ച വിജയം നേടിയ വിദ്യാർഥികളെ മെമെന്റോ നൽകി അനമോദിച്ചു. വാർഡ് കൗൺസിലർ ധന്യ അനിൽ അദ്ധ്യക്ഷത വഹിച്ചു. കട്ടപ്പന നഗരസഭ വൈസ് ചെയർമാൻ ജോയി ആനിതോട്ടം, ഭൂജല വകുപ്പ് ഡയറക്ടർ ജോൺ വി. സാമൂവൽ തുടങ്ങിയവർ പങ്കെടുത്തു.