തൊടുപുഴ: ജില്ലയിൽ വീണ്ടും ആഫ്രിക്കൻ പന്നിപ്പനി പടർന്ന് പിടിക്കുന്നു. വണ്ണപ്പുറം, കരിമണ്ണൂർ പഞ്ചായത്തുകളിലായി 20 പന്നികൾ കൂടി ചത്തു. പട്ടയക്കുടി, വണ്ടമറ്റം എന്നിവിടങ്ങളിലെ ഫാമുകളിലെ പന്നികളാണ് ചത്തത്. രോഗം സ്ഥിരീകരിക്കുന്നതിനായി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ പന്നികളുടെ രക്ത സാമ്പിളുകൾ ബംഗ്ലൂരിലെ ലാബിലേക്ക് അയച്ചു. വ്യാഴാഴ്ചയോടെ ഫലം വരുമെന്നാണ് കരുതുന്നത്. രോഗം സ്ഥിരീകരിച്ചാൽ മേഖലയിലെ ഒരു കിലോ മീറ്റർ ചുറ്റളവിലെ പന്നികളെ ദയാവധത്തിന് വിധേയമാക്കേണ്ടി വരും. കഴിഞ്ഞയാഴ്ച 262 പന്നികളെ കരിമണ്ണൂർ,ആലക്കോട്, ഇടവെട്ടി പഞ്ചായത്തുകളിലെ ഫാമുകളിൽ നിന്ന് കൊന്നിരുന്നു. എട്ട് കർഷകരുടെ ഫാമിലെ പന്നികളെയാണ് ദയാവധം നടത്തിയത്. വെള്ളിയാഴ്ച രാവിലെ 8.30ന് ആരംഭിച്ച ദയാവധം പിറ്റേന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് അവസാനിച്ചത്. ജില്ലയിൽ മൃഗസംരക്ഷണ വകുപ്പിനുള്ള കുമളി, കമ്പംമെട്ട്, ബോഡിമെട്ട് ചെക് പോസ്റ്റുകളിൽ പന്നികളെ കൊണ്ടു വരുന്നതും കടത്തുന്നതും തടയാൻ കർശന പരിശോധന നടക്കുന്നുണ്ട്. എന്നാൽ മറയൂർ, ചിന്നാർ മേഖലയിൽ ചെക്പോസ്റ്റില്ലാത്തതിനാൽ കടത്ത് തടയാൻ കഴിയുന്നില്ല. ഇവിടെ താത്കാലിക ചെക്പോസ്റ്റ് സ്ഥാപിക്കാനുളള നീക്കത്തിലാണ് മൃഗസംരക്ഷണ വകുപ്പ്.


18.75 ലക്ഷം നഷ്ടപരിഹാരം ഒരു മാസത്തിനകം
ആഫ്രിക്കൻ പന്നിപ്പനിയെ തുടർന്ന് കൊന്നൊടുക്കിയ 262 പന്നികളുടെ ഉടമകൾക്ക് 18,75000 രൂപ നഷ്ടപരിഹാരം ഒരു മാസത്തിനകം നൽകുമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ബിനോയ് പി മാത്യു അറിയിച്ചു. കൊല്ലുമ്പോഴുളള പന്നികളുടെ തൂക്കത്തിന്റെ 72 ശതമാനത്തിനാണ് നഷ്ടപരിഹാരം. 16 മുതൽ 124 പന്നികൾ വരെ നഷ്ടമായ കർഷകരുണ്ട്. രോഗം സ്ഥിരീകരിക്കുന്നതിന് മുമ്പ് ചത്തു പോയ പന്നികളുടെ ഉടമകൾക്ക് ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് നഷ്ടപരിഹാരം നൽകുന്നതും പരിഗണനയിലുണ്ട്. പന്നികളുടെ പ്രായം അനുസരിച്ചായിരിക്കും ഈ നഷ്ടപരിഹാരം നൽകുക.

'ആഫ്രിക്കൻ കൂടുതൽ മേഖലകളിലേക്ക് പടർന്ന് പിടിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ട്. പരിശോധന കർശനമാക്കാൻ പൊലീസ്, മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.''

-ബിനോയ് പി. മാത്യു ( ജില്ലാ മൃഗസംരക്ഷണ ഓഫീസർ)