
തൊടുപുഴ: ജില്ലയിൽ കുളമ്പുരോഗ പ്രതിരോധ കുത്തിവെയ്പ്പ് ആരംഭിച്ചതായി ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ബിനോയ് പി മാത്യു വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇന്നലെ മുതൽ 21 ദിവസത്തേക്കാണ് പദ്ധതി. ജില്ലാതല ഉദ്ഘാടനം തൊടുപഴ മുൻസിപ്പൽ ചെയർമാൻ സനീഷ് ജോർജ് നിർവഹിച്ചു.
ക്ഷീര കർഷകർക്കും സർക്കാരിനും വൻ സാമ്പത്തിക ബാദ്ധ്യതയുണ്ടാകുകയും വ്യപകമായി പടരുകയും ചെയ്യുന്ന ഈ രോഗം പ്രതിരോധ കുത്തിവെയ്പ്പ് വഴി പൂർണ്ണമായും നിയന്ത്രിക്കാം. വീടു വീടാന്തരം മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരെത്തി കുത്തിവെയ്പ്പ് നൽകുന്നതിനോട് എല്ലാ കർഷകരും സഹകരിക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ് അഭ്യർത്ഥിച്ചു. ഏതെങ്കിലും ഉരുകൾക്ക് കുത്തിവെയ്പ്പ് ലഭ്യമായിട്ടില്ലെങ്കിൽ മൃഗാശുപത്രികളിൽ അറിയിക്കണം. ഇതോടനുബന്ധിച്ച് പേവിഷബാധ പ്രതിരോധ കുത്തിവെയ്പ്പ് സംബന്ധിച്ച വിവരങ്ങളും ശേഖരിക്കുന്നതാണ്. ചർമ്മ മുഴ രോഗം, ആഫ്രിക്കൻ പന്നിപ്പനി എന്നിവ ബാധിച്ച ഇടങ്ങൾഒഴിവാക്കിയാകും ആദ്യഘട്ട കുത്തിവെയ്പ്പ്. ജില്ലയിൽ 97000 കാലികളാണുളളതെന്നും ജില്ലാ മൃഗസംരക്ഷണ ഓഫീസർ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ചീഫ് വെറ്ററിനറി ഓഫീസർ ഡോ. കുര്യൻ കെ. ജേക്കബ്, ഡെപ്യൂട്ടി ഡയറക്ടർ ഡോ. ബിജു ജെ. ചെമ്പരത്തി, ജില്ലാ എപ്പിഡമോളജിസ്റ്റ് ഡോ. നിശാന്ത് എം പ്രഭ, ഡോ. ഗദ്ദാഫി എന്നിവരും പങ്കെടുത്തു.