neerchal

ഇടുക്കി: നവകേരളം പദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷൻ വിവിധ വകുപ്പുകളുമായി കൈകോർത്തു നടപ്പാക്കുന്ന നീരുറവ് പദ്ധതിയ്ക്ക് മരിയാപുരം പഞ്ചായത്തിൽ നീർച്ചാൽ നടത്തത്തോടെ തുടക്കമായി. താണ്ടാംപാലം നീർച്ചാലിലൂടെ മരിയാപുരം വരെയാണ് നീർച്ചാൽ നടത്തം സംഘടിപ്പിച്ചത്. ഹരിതകർമ്മ സേനാംഗങ്ങൾ, കുടുംബശ്രീ ,തൊഴിലുറപ്പംഗങ്ങൾ, പൊതുപ്രവർത്തകർ തുടങ്ങിയവർ നീർച്ചാൽ നടത്തത്തിൽ പങ്കാളികളായി. ഓരോ പ്രദേശത്തെയും നീർച്ചാലുകളും ജലസ്രോതസുകളും സംരക്ഷിക്കുന്നതിലൂടെ ജനങ്ങളുടെ സുരക്ഷയും സ്വസ്ഥ ജീവിതവും ഉറപ്പാക്കുന്നതിനുതകുന്ന വിവിധ പ്രവൃത്തികൾ തൊഴിലുറപ്പിലൂടെ നടപ്പാക്കുന്നതാണ് പദ്ധതി. ജലവകുപ്പ്, മണ്ണുസംരക്ഷണ വകുപ്പ്, കൃഷി, മൃഗസംരക്ഷണ വകുപ്പുകളും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. നീർച്ചാലുകളെ അടിസ്ഥാനമാക്കി ഏറ്റെടുക്കാവുന്ന വിവിധ പ്രവൃത്തികളെ തിരിച്ചറിയുന്നതിനായാണ് നീർച്ചാൽ നടത്തം സംഘടിപ്പിക്കുന്നത്. നീർച്ചാൽ നടത്തത്തിലൂടെ ഉരുത്തിരിയുന്ന വിവിധ ആശയങ്ങളെ അടിസ്ഥാനമാക്കി തൊഴിലുറപ്പ് ലേബർ ബഡ്‌ജറ്റ് തയ്യാറാക്കും. ഇതനുസരിച്ച് പ്രദേശവാസികൾക്ക് തൊഴിൽ ദിനങ്ങൾ ഉറപ്പാക്കുന്നതിനൊപ്പം നീർത്തടങ്ങളുടെ സംരക്ഷണവും സാദ്ധ്യമാക്കും. പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോയി പരിപാടി ഉദ്ഘാടനം ചെയ്തു. നവകേരളം ജില്ലാ കോർഡിനേറ്റർ ഡോ. വി.ആർ. രാജേഷ് പദ്ധതി വിശദീകരിച്ചു. ചടങ്ങിൽ സെക്രട്ടറി സുരേഷ് സാമുവേൽ, പഞ്ചായത്തംഗം ഡെന്നമോൾ രാജു, സി.ഡി.എസ് ചെയർപേഴ്‌സൺ റെനി ഷിബു, വിജി ബേബി, സുഫിയ ബേബി എന്നിവർ സംസാരിച്ചു.