തൊടുപുഴ: ജില്ലയിലെ ഭൂ പ്രശ്നങ്ങളിൽ പരിഹാരം കണ്ടെത്തണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് വീണ്ടും സമരരംഗത്തേയ്ക്ക്. ഭൂപ്രശ്‌നങ്ങളിൽ ഇടതുപക്ഷ സർക്കാരിന്റെ ജനവഞ്ചനയ്ക്കെതിരെ യു.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളുടെയും നേതാക്കളുടെയും ഏകദിന സത്യാഗ്രഹം 23ന് നെടുങ്കണ്ടത്ത് നടക്കുമെന്ന് യു.ഡി.എഫ് നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഭൂപതിവ് ചട്ടങ്ങളിൽ ഭേദഗതി വരുത്തുക,​ കെട്ടിട നിർമ്മാണ നിരോധനം പിൻവലിക്കുക, ബഫർ സോൺ തീരുമാനം മുൻകാല പ്രാബല്യത്തോടെ റദ്ദാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് സമരം. അടുത്തഘട്ട സമര പരിപാടിയായി ജില്ലയിലെ മുഴുവൻ മണ്ഡലം കമ്മിറ്റികളുടെയും ആഭിമുഖ്യത്തിൽ ഡിസംബർ 10 ന് സായാഹ്ന ധർണ്ണ നടത്തും. നിലവിലെ പ്രശ്‌നങ്ങളെല്ലാം 2016ൽ അധികാരത്തിൽ വന്ന പിണറായി സർക്കാരിന്റെ സൃഷ്ടിയാണ്. ഭൂമി പതിവ് ചട്ടങ്ങൾ അടിയന്തരമായി ഭേദഗതി ചെയ്യുമെന്ന് 2019 ഡിസംബർ 17ന് മുഖ്യമന്ത്രി അദ്ദേഹത്തിന്റെ ചേമ്പറിൽ കൂടിയ സർവ്വകക്ഷി യോഗത്തിൽ ഉറപ്പു നൽകിയതാണ്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് സമയത്ത് ഇടതുപക്ഷം വീണ്ടും അധികാരത്തിൽ വന്നാൽ ഒരു മാസത്തിനകം നിയമം മാറ്റുമെന്ന് ജനങ്ങൾക്ക് നൽകിയ ഉറപ്പും കാറ്റിൽ പറത്തിയിരിക്കുകയാണ്. കെട്ടിട നിർമ്മാണത്തിന്റെ കാര്യത്തിൽ ഈ സർക്കാരിന്റെ കാലത്ത് റവന്യൂ സെക്രട്ടറി, തദ്ദേശ ഭരണ സെക്രട്ടറി, ജില്ലാ കളക്ടർ എന്നിവരുടെ ഉത്തരവുകളുടെ കാര്യത്തിൽ സർക്കാരിന് ഉത്തരവാദിത്തം ഇല്ലെന്ന് പറയാനാകില്ല. യു.ഡി.എഫ് സർക്കാരിന്റെ സീറോ ബഫർ സോൺ എന്ന നയത്തിന് മാറ്റം വരുത്തി നാട്ടിൽ ഭീതി സൃഷ്ടിച്ചത് ഇടതുപക്ഷ സർക്കാരിന്റെ 2019 ഒക്‌ടോബർ 27ലെ തീരുമാനമാണ്. ജില്ലയിലെ സി.പി.എം നേതാക്കൾ ഉദ്യോഗസ്ഥർക്കെതിരെ നടത്തുന്ന സമരം അപഹാസ്യമാണ്. സർക്കാരിന്റെ ഇച്ഛാശക്തിയില്ലായ്മ മൂലമാണ് ഈ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടാത്തത്. സമയബന്ധിതമായി ഭൂപ്രശ്‌നങ്ങൾക്ക് പരിഹാരം ഉണ്ടാക്കിയില്ലെങ്കിൽ ശക്തമായ സമര പരിപാടികൾക്ക് യു.ഡി.എഫ് നേതൃത്വം നൽകുമെന്ന് നേതാക്കൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ഡീൻ കുര്യാക്കോസ് എം.പി,​ യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി,​ ജില്ലാ കൺവീനർ എം.ജെ. ജേക്കബ്, നേതാക്കളായ​ കെ.എം.എ ഷുക്കൂർ, സി.കെ. ശിവദാസ് എന്നിവർ പങ്കെടുത്തു.