അടിമാലി: കേരളത്തിൽ ഭരണഘടനാ പ്രതിസന്ധി സൃഷ്ടിയ്ക്കാൻ ഗവർണർ ആസൂത്രിത ശ്രമം നടത്തുന്നതായി സി.പി.ഐ ദേശീയ എക്സിക്യൂട്ടീവംഗം അഡ്വ: പ്രകാശ് ബാബു പറഞ്ഞു.ഗവർണറുടെ ജനാധിപത്യവിരുദ്ധ, കാവിവൽക്കരണ നിലപാടുകൾക്കെതിരെ ഇടതുമുന്നണിയുടെ നേതൃത്വത്തിൽ അടിമാലിയിൽ നടത്തിയ ബഹുജന കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിയ്ക്കകയായിരുന്നു അദ്ദേഹം.കേരളത്തിലെ ജനപക്ഷ സർക്കാരിനെ കേന്ദ്ര സർക്കാരിന്റെ പിന്തുണയോട് അസ്ഥിരപെടുത്താനാണ് നീക്കം. പ്രതിസന്ധി ഉണ്ടാക്കി 356ാം വകുപ്പ് നടപ്പാക്കുകയാണ് ഗവർണറും സംഘപരിവാറും ലക്ഷ്യമിടുന്നത്. . ബി.ജെ.പി ഇതര സംസ്ഥാനങ്ങളിലെ സർക്കാരുകളെല്ലാം സമാനമായ പ്രശ്‌നങ്ങളെ നേരിട്ടു കൊണ്ടിരിയ്ക്കുന്നു. ബ്രിട്ടീഷുകാരുണ്ടാക്കിയ അനാവശ്യമായ ഒരു പദവിയാണ് ഗവർണർ സ്ഥാനം.രാഷ്ട്രപതിയും ഗവർണറും ഒരേ അധികാരപദവി ഉള്ളവരല്ല. രാഷ്ട്രപതിയെ ജനാധിപത്യപരമായി ജനപ്രതിനിധികളുടെ വോട്ടു മൂല്യം കണക്കാക്കി തെരഞ്ഞെടുക്കുമ്പോൾ ഗവർണറെ ഒരു ഉദ്യോഗസ്ഥനായി നിയമിയ്ക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. അടിയന്തിരമായി കേന്ദ്ര സർക്കാർ ഗവർണറെ തിരികെ വിളിയ്ക്കണം .ചാൻസലർ പദവി സർക്കാരിന്റെ ഔദാര്യം മാത്രമാണെന്നും ഗവർണർ മനസ്സിലാക്കണമെന്നും അദ്ദേഹംപറഞ്ഞു.സി.പി.ഐ സ്റ്റേറ്റ് കൗൺസിലംഗം കെ.കെ.ശിവരാമൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സി.പി.എം. ജില്ല സെക്രട്ടറി സി.വി.വർഗീസ് സ്വാഗതം പറഞ്ഞു. മുൻ എം.പി. പി.കെ.ബിജു മുഖ്യ പ്രഭാഷണം നടത്തി. എം.എം.മണി എം.എൽ.എ., സി.പി.ഐ ജില്ലാ സെകട്ടറി കെ.സലിം കുമാർ,വിവിധ കക്ഷി നേതാക്കളായ കെ.ഐ.ആന്റണി, കെ.ടി. മൈക്കിൾ സിബി മൂലേപ്പറമ്പിൽ, പി.ജി.ഗോപി, കെ.എം.സുലൈമാൻ, പോൾസൺ മാത്യു, എം.കെ.ജോസഫ്, ജോണി ചെരിപറമ്പിൽ, ജയകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.