തൊടുപുഴ: "ഹരിത മിത്രം" ആപ്പ് ജില്ലയിൽ കൂടുതൽ തദ്ദേശ സ്ഥാപനങ്ങളിൽ പ്രവർത്തന സജ്ജമാകുന്നു. അജൈവ മാലിന്യങ്ങളുടെ ശാസ്ത്രീയ സംസ്ക്കരണത്തിന് വേണ്ടിയാണ് ഹരിത മിത്രം ആപ്പ് സർക്കാർ വികസിപ്പിച്ചത്.കെൽട്രോണിന്റെ സാങ്കേതിക സഹായത്തോടെ ഹരിത കേരള മിഷൻ,ശുചിത്വ മിഷൻ എന്നിവക്കാണ് നടത്തിപ്പ് ചുമതല.ജില്ലയിൽ കുമാരമംഗലം,ആലക്കോട്, ഇരട്ടയാർ,ഉപ്പുതറ എന്നിങ്ങനെ ഗ്രാമപഞ്ചായത്തുകളിൽ പദ്ധതിയുടെ ഭാഗമായിട്ടുള്ള എൻറോൾമെന്റ് സർവ്വേ പൂർത്തിയായി.തൊടുപുഴ നഗരസഭ ഉൾപ്പെടെ ജില്ലയിൽ 27 തദ്ദേശ സ്ഥാപനങ്ങളാണ് പദ്ധതിയുടെ നടത്തിപ്പിന് വേണ്ടി രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി വീടുകളും സ്ഥാപനങ്ങളിലുമായി ഇന്നലെ വരെ 83858 ഇടങ്ങളിൽ സർവ്വേ ജോലികലാണ് പൂർത്തിയായത്. രജിസ്റ്റർ ചെയ്തിട്ടുള്ള തദ്ദേശ സ്ഥാപന പരിധിയിലുള്ള വീടുകൾ,സ്ഥാപനങ്ങൾ എന്നിവയുടെ വിവര ശേഖരണമാണ് പ്രധാനമായും സർവ്വേ ലക്ഷ്യമിടുന്നത്. ഗ്രാമപഞ്ചായത്ത് തലങ്ങളിൽ 6 ചോദ്യങ്ങളും നഗരസഭകളിൽ 46 ചോദ്യങ്ങളുമാണ് സർവ്വേയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കുടുംബത്തിലെ അംഗങ്ങളുടെ ആധാർ നമ്പർ ഉൾപ്പെടെ വ്യക്തിഗത വിവരങ്ങളും മൊബൈൽ ആപ്ലിക്കേഷനിൽ ചേർക്കണം.സർവ്വേ പൂർത്തീകരിക്കുന്നതിനൊപ്പം വീടുകളിലും സ്ഥാപനങ്ങളിലും ക്യു.ആർ.കോഡും പതിക്കും.
പ്രവർത്തനങ്ങൾ
കൂടുതൽ സുതാര്യം.
ഓൺ ലൈനിലും ഓഫ് ലൈനിലും ആപ്ലിക്കേഷൻ പ്രവർത്തന സജ്ജമാണ്.പ്രാദേശികമായി തദ്ദേശ സ്ഥാപനങ്ങളിലെ മാലിന്യ സംസ്ക്കരണവുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾ ഹരിത മിത്രം ആപ്പിലൂടെ നിരീക്ഷിക്കാം.ജനങ്ങൾക്ക് പരാതികൾ അറിയിക്കാനും കൂടുതൽ സേവനങ്ങൾ ആവശ്യപ്പെടാനും മാലിന്യങ്ങൾ തള്ളുന്നത് റിപ്പോർട്ട് ചെയ്യാനും ഇതിലൂടെ സാധിക്കും.ഹരിത കർമ്മ സേനയുടെ ഗ്രീൻ ടെക്നീഷ്യൻമാർ,സൂപ്പർവൈസർമാർ,ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ,ശുചിത്വ മിഷൻ,ക്ലീൻ കേരള കമ്പനി,ഹരിത കേരള മിഷൻ,കുടുംബശ്രീ,തദ്ദേശ സ്ഥാപങ്ങൾ എന്നിവക്ക് ആപ്ലിക്കേഷനിലൂടെ പ്രവർത്തനങ്ങളുടെ വിവരങ്ങൾ അറിയാൻ കഴിയും.