പീരുമേട്: ലോട്ടറി കച്ചവക്കാരനായ വൃദ്ധനെ നാലായിരം രൂപയുടെ കള്ളനോട്ട് നൽകി കബളിപ്പിച്ചു. കാഴ്ചക്കുറവുള്ള ലോട്ടറി വിൽപ്പനക്കാരനായ ധർമ്മലിംഗം ( 76) ആണ് കബളിപ്പിക്കപെട്ടത് കുട്ടിക്കാനം ജംഗ്ഷനിൽ കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് സംഭവം. കറുത്ത ഓൾട്ടോ കാറിലെത്തിയ യുവാവ് ധർമ്മലിംഗത്തിൽനിന്ന് നാലായിരം രൂപയുടെ ലോട്ടറി വാങ്ങി രണ്ടായിരത്തിന്റെ രണ്ട് നോട്ട് നൽകുകയായിരുന്നു. ഈ നോട്ട് മാറാനായി സമീപത്തുള്ള കടയിൽ എത്തിയപ്പോളാണ് ഇത് കുട്ടികൾക്ക് കളിക്കാനായി നൽകുന്ന നോട്ടാണന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് പീരുമേട് പൊലീസിൽ പരാതി നൽകി. സമീപത്തെ സിസി ടി വി ക്യാമറയിൽ പതിഞ്ഞ ചിത്രം പൊലീസ് ശേഖരിച്ചിട്ടുണ്ട്.