ഇടുക്കിക്കാർക്ക് സ്വപ്ന സാക്ഷാത്കാരമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ
ഇടുക്കി: മെഡിക്കൽ കോളേജിൽ പുതിയ ബാച്ചിന്റെ പ്രവേശനോത്സവം ആഘോഷപൂർവം നടത്തി. നിലവിൽ 77 വിദ്യാർത്ഥികൾ പ്രവേശനം നേടിയിട്ടിട്ടുണ്ട്. ഇതിൽ 76 പേർ സംസ്ഥാനത്ത് നിന്നും ഒരാൾ ഓൾ ഇന്ത്യാ റാങ്ക് ലിസ്റ്റിൽ നിന്നുമാണ്. ദേശീയ മെഡിക്കൽ കമ്മിഷന്റെ അനുമതി ലഭിച്ച 100 എം.ബി.ബി.എസ് സീറ്റുകളിലേക്കുള്ള പ്രവേശനം ഒക്ടോബർ 22 നാണ് തുടങ്ങിയത്. പുതിയ ബാച്ചിൽ പ്രവേശനം നേടിയ 77 വിദ്യാർത്ഥികൾക്കും മന്ത്രി റോഷി അഗസ്റ്റിൻ പനിനീർപ്പൂക്കൾ നൽകി കോളേജിലേക്ക് സ്വീകരിച്ചു. . മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. മീനയ്ക്ക് പ്രവർത്തനമികവിന് പനിനീർപ്പൂവും ചടങ്ങിൽ മന്ത്രി സമ്മാനിച്ചു. ഇടുക്കിയുടെ സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്ന ദിവസമാണിതെന്ന് ജ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ഇടുക്കി മെഡിക്കൽ കോളേജിലെ പുതിയ എം.ബി.ബി.എസ് ബാച്ചിന്റെ പ്രവേശനോത്സവം കോളേജ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നമ്മുടെ നാട്ടിൽ തന്നെ എല്ലാത്തരം ഉന്നത വിദ്യാഭ്യാസത്തിനുമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടാകേണ്ടതുണ്ട്. അതിനായി സർക്കാർ നടത്തുന്ന ശ്രമങ്ങളുടെ ഫലമായാണ് ഇടുക്കി മെഡിക്കൽ കോളേജിൽ പുതിയ ബാച്ചിനുള്ള അനുമതി ദേശീയ മെഡിക്കൽ കമ്മിഷനിൽ നിന്ന് നേടിയെടുത്തത്. പിണറായി വിജയൻ മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം താൻ ആദ്യം നൽകിയ കത്ത് ഇടുക്കി മെഡിക്കൽ കോളേജ് നിലനിർത്തണമെന്നതായിരുന്നു. അന്ന് മുഖ്യമന്ത്രി കത്ത് വായിച്ച ശേഷം ഇടുക്കി മെഡിക്കൽ കോളേജിന് ഒന്നും സംഭവിക്കില്ലെന്ന് ഉറപ്പു തന്നു. ആ ഉറപ്പ് യാഥാർത്ഥ്യമാകുന്ന ദിവസമാണിന്ന്. മെഡിക്കൽ കോളേജിനാവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നത് ദ്രുതഗതിയിൽ പരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ ഡീൻ കുര്യാക്കോസ് എം.പി അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കളക്ടർ ഷീബ ജോർജ് സന്ദേശം നൽകി. ജില്ലാ വികസന സമിതി ഉപാദ്ധ്യക്ഷനും ആശുപത്രി വികസന സൊസൈറ്റിയിലെ സർക്കാർ പ്രതിനിധിയുമായ സി.വി. വർഗീസ് ആശംസയർപ്പിച്ചു. പ്രിൻസിപ്പൽ ഡോ. മീന ഡി. സ്വാഗതവും മെഡിക്കൽ കോളേജ് സുപ്രണ്ട് ഡോ. സുരേഷ് വർഗീസ് നന്ദിയും പറഞ്ഞു. ആശുപത്രി വികസന സൊസൈറ്റി അംഗങ്ങളായ ഷിജോ തടത്തിൽ, റോമിയോ സെബാസ്റ്റ്യൻ, സാജൻ കുന്നേൽ, ജോസ് കുഴികണ്ടം, സി.എം. അസീസ്, അനിൽ കൂവപ്ലാക്കൽ, പി.കെ. ജയൻ, സണ്ണി ഇല്ലിക്കൽ, ജോയി കൊടുക്കച്ചിറ, ജെയ്ൻ അഗസ്റ്റിൻ, എം.ഡി. അർജുനൻ, ഔസേപ്പച്ചൻ ഇടക്കുളത്തിൽ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, ജനപ്രതിനിധികൾ, വിവിധ വകുപ്പ് മേധാവികൾ, അദ്ധ്യാപകർ, ജീവനക്കാർ, രക്ഷാകർത്താക്കൾ, പൊതുജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. ഉദ്ഘാടന ചടങ്ങിന് ശേഷം കുട്ടികൾക്കും രക്ഷിതാക്കൾക്കുമുള്ള ഓറിയന്റേഷൻ പ്രോഗ്രാമും നടത്തി.