തൊടുപുഴ : ഐക്യരാഷ്ട്രസഭ നടപടിക്രമങ്ങളുടെ മാതൃകയിൽ ലക്നൗവിൽ വിദ്യാർത്ഥികൾക്കായി നടത്തുന്ന ആശയവിനിമയപരിപാടിയിൽ വില്ലേജ് ഇന്റർനാഷണൽ സ്‌കൂൾ പ്രതിനിധികളും. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുക്കുന്ന എൽ.എം.യു.എൻ (ലാമാർടിനിയർ മോഡൽ യുണൈറ്റഡ് നേഷൻസ്) എന്ന് പേരിട്ടിരിക്കുന്ന പരിപാടി നവംബർ പതിനെട്ട് മുതൽ ഇരുപത് വരെ ഉത്തർപ്രദേശിലെ ലക്‌നൗ ലാമാർടിനിയർ കോളേജിൽ വെച്ചാണ് നടക്കുന്നത്. പരിപാടിയിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന ഏക സ്‌കൂളാണ് ദി വില്ലേജ് ഇന്റർനാഷണൽ. പതിനേഴ് വിദ്യാർത്ഥികളും മൂന്ന് അദ്ധ്യാപകരുമടക്കം ഇരുപത്പേരാണ് പ്രിൻസിപ്പൽ സഖറിയാസ് ജേക്കബിന്റെ നേതൃത്വത്തിൽ പങ്കെടുക്കുന്നതിനായി ഇന്ന് ലക്‌നൗവിലേക്ക് പുറപ്പെടുക..

ഐക്യരാഷ്ട്രസഭയുടെ അതേ മാതൃകയിൽ വിവിധ രാജ്യങ്ങളുടെ പ്രതിനിധികളായി പങ്കെടുത്ത്, കുട്ടികൾ തങ്ങളുടെ ആശയങ്ങളും കാഴ്ചപ്പാടുകളും പങ്കുവെക്കുന്ന ഒരു ലഘു സമ്മേളനം വില്ലേജ് സ്‌കൂളിൽ മുൻപ് നടത്തിയിരുന്നു.
ഈ പരിപാടിയുടെ വിജയമാണ് ലക്‌നൗവിലെ യു.എൻ മോഡൽ പരിപാടിയിൽ പങ്കെടുക്കാൻ പ്രചോദനമായത് എന്ന് കുട്ടികൾ പറഞ്ഞു.

വിവിധ സംസ്ഥാനങ്ങളിലെ കുട്ടികളുമായി ആശയവിനിമയം നടത്തുന്നതിനും തങ്ങളുടെ ആശയങ്ങൾ സമ്മേളന വേദിയിൽ അവതരിപ്പിക്കുന്നതിനും ഈ സമ്മേളനം കൊണ്ട് കുട്ടികൾക്ക് സാധ്യമാകും. ലോകത്തുനടക്കുന്ന വിവിധ വിഷയങ്ങളെക്കുറിച്ച് കൂടുതൽ അറിയാനും ഐക്യരാഷ്ട്രസഭയുടെ പ്രവർത്തനങ്ങളെ കുറിച്ച് പഠനം നടത്താനും മോഡൽ യുണൈറ്റഡ് നേഷൻസിലൂടെ സാധിക്കും.