elephant

മൂന്നാർ: മൂന്നാറിന്റെ സൗന്ദര്യം ആസ്വദിക്കാനെത്തുന്നവർ ഉപയോഗ ശേഷം വലിച്ചെറിഞ്ഞ പ്ലാസ്റ്റിക്കും കുപ്പികളും മറ്റ് പാഴ് വസ്തുക്കളും പോത്തും ആനയുമായി മാറി. മൂന്നാറിലെ അപ് സൈക്കിൾ പാർക്കിലാണ് കണ്ണിനും മനസിനും കൗതുകം നൽകുന്ന കാഴ്ചകളായി പാഴ് വസ്തുക്കൾ പുനർജ്ജനിച്ചത്. പാർക്കിലെത്തുന്ന ആളുകളെ കാത്ത് ആനയും കാട്ടുപോത്തും തീവണ്ടിയും മാനുകളുമുണ്ട്. വാഹനങ്ങളുടെ അപ് ഹോൾസ്റ്ററി വേസ്റ്റുകളുപയോഗിച്ചാണ് കാട്ടുപോത്തിന് 'ജീവൻ' നൽകിയത്. മൂന്നാറിലെത്തിയ സഞ്ചാരികൾ വലിച്ചെറിഞ്ഞ പ്ലാസ്റ്റിക്ക് കുപ്പികളാണ് ആനയുടെ രൂപത്തിൽ തലയുയർത്തി നിൽക്കുന്നത്. പ്ലേറ്റുകൾ, എണ്ണ ക്യാനുകൾ, വാഷിംഗ് മെഷീന്റെ ഭാഗങ്ങൾ തുടങ്ങിയ ആക്രി സാധനങ്ങളുപയോഗിച്ചാണ് തീവണ്ടി നിർമ്മിച്ചത്. ഒറ്റ ദിവസം കൊണ്ട് ഒരു കൂട്ടം ചെറുപ്പക്കാർ മൂന്നാറിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ശേഖരിച്ച പാഴ് വസ്തുക്കളുപയോഗിച്ചാണ് മൂന്നാറിലെ പുരാതന മോണോ റയിലിനെ ഓർമ്മിപ്പിച്ച് തീവണ്ടി പുനർനിർമ്മിച്ചത്. ഇവയ്ക്കു പുറമേ ഒരു തവള സൗഹൃദ കുളവും പാർക്കിൽ സജ്ജമാക്കിയിട്ടുണ്ട്. ഹരിത കേരളം മിഷൻ, മൂന്നാർ പഞ്ചായത്ത്, യു.എൻ.ഡി.പി എന്നിവ റിസിറ്റി, ഹിൽഡാരി, ഐ.ആർ.ടി.സി, ബി.ആർ.സി.എസ് എന്നീ ഏജൻസികളുമായി കൈകോർത്താണ് മൂന്നാറിൽ ഹരിത മാറ്റം കൊണ്ടു വരുന്നത്.

മൂന്നാറിൽ നിന്നും ഹരിതകർമ്മ സേന ദിവസവും ശേഖരിക്കുന്ന ഭക്ഷണാവശിഷ്ടങ്ങളും പഴം, പച്ചക്കറി മാലിന്യങ്ങളുമെല്ലാം നല്ലതണ്ണിയിലെ മാലിന്യ സംസ്‌കരണ പ്ലാന്റിൽ നല്ല വളമായി മാറുകയാണ്. ജൈവ വളം 'മൂന്നാർ ഗ്രീൻ' എന്ന പേരിൽ വിപണിയിലെത്തും. കിലോയ്ക്ക് 16 രൂപയാണ് വില. പ്രതിദിനം രണ്ട് ടൺ ജൈവ മാലിന്യങ്ങൾ വളമാക്കുന്നതിനുള്ള സംവിധാനമാണ് ഇവിടെ സജ്ജമാക്കിയിട്ടുള്ളത്. ഇവിടെ നിന്നും ഇതിനകം ശേഖരിച്ച പാഴ് വസ്തുക്കളിൽ നിന്ന് തരം തിരിച്ചെടുത്ത 13 ടൺ പ്ലാസ്റ്റിക്കുകൾ പുനരുപയോഗത്തിനായി കൈയൊഴിഞ്ഞു കഴിഞ്ഞു. പാഴ് വസ്തുക്കളെ തരംതിരിക്കുന്നതിനായി തൊഴിലാളികളെയും മാലിന്യ സംസ്‌കരണത്തിനായി വിവിധങ്ങളായ ഉപകരണങ്ങളും യന്ത്രങ്ങളുമെല്ലാം പ്ലാന്റിൽ സുസ്സജ്ജമാക്കിയിട്ടുണ്ട്. മൂന്നാർ പഞ്ചായത്ത് ഹാളിൽ നടക്കുന്ന ചടങ്ങിൽ മൂന്നാറിലെ മാലിന്യ സംസ്‌കരണ പ്ലാന്റും അപ് സൈക്ലിംഗ് പാർക്കും മന്ത്രി എം.ബി. രാജേഷ് ഇന്ന് നാടിന് സമർപ്പിക്കും.

പ്ലാസ്റ്റിക് കൊണ്ട് നടപ്പാത

ഉപയോഗശൂന്യമായ പ്ലാസ്റ്റിക്ക് കൊണ്ടുണ്ടാക്കിയ 3900 ടൈലുകളാണ് അപ് സൈക്കിൾ പാർക്കിലെ നടപ്പാതയിൽ വിരിച്ചിട്ടുള്ളത്. 975 കിലോ പ്ലാസ്റ്റിക്ക് വേസ്റ്റാണ് ഇതിനായി ഉപയോഗിച്ചത്. പാർക്കിലെ ബഞ്ചുകളും ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക്കുകൾ കൊണ്ടുള്ളവയാണ്. 73,50,000 മൾട്ടി ലെയേഡ് പ്ലാസ്റ്റിക്കാണ് ഈ ബെഞ്ചുകളായി പരിണമിച്ചത്.