road

തൊടുപുഴ: യാതൊരു മുന്നറിയിപ്പുമില്ലാതെ തിരക്കേറിയ രാവിലെ സമയത്ത് ടൗണിന്റെ ഹൃദയഭാഗത്ത് റോഡ് ടാർ ചെയ്തതിനെ തുടർന്ന് മണിക്കൂറുകളോളം നഗരം ഗതാഗതകുരുക്കിൽപ്പെട്ടു. തൊടുപുഴ- മൂവാറ്റുപുഴ റോഡിലും മൗണ്ട് സീനായി റോഡിലും ടാർ ജോലികൾ ആരംഭിച്ചതാണ് ട്രാഫിക് ബ്ലോക്കിനിടയാക്കിയത്. ഇന്നലെ രാവിലെ പാലാ റോഡ് മുതൽ വെങ്ങല്ലൂർ ജങ്ഷൻ വരെ കുരുക്കിലായി. പുളിമൂട്ടിൽ ജങ്ഷന് മുൻഭാഗത്തായിരുന്നു വലിയ കുരുക്ക്. ഈ ഭാഗത്ത് ഗതാഗതം പൂർണമായും നിരോധിച്ചതോടെ അമ്പലം ബൈപ്പാസ് റോഡിലും കുരുക്കുണ്ടായി. അമ്പലം റോഡിൽ നിന്ന് കല്യാൺ സിൽക്ക്‌സിന് മുന്നിലും ഗതാഗതം പൂർണ്ണമായും തടഞ്ഞിരുന്നു. ഇതുവഴിയെത്തുന്നവർ വാഹനം തിരിച്ച് പോകാൻ ശ്രമിച്ചതും കുരുക്കിനിടയാക്കി. ഗതാഗതം നിരോധിക്കുന്ന വിവരം നേരത്തെ അറിയിക്കാതിരുന്നതും പൊലീസ് ആവശ്യമായ മുന്നൊരുക്കം നടത്താത്തതും സ്ഥിതി രൂക്ഷമാക്കി. സാധാരണ ടൗണിൽ റോഡ് ടാറ് ചെയ്യുന്നത് രാത്രിയിലായതിനാൽ യാത്രക്കാർക്ക് കാര്യമായ ബുദ്ധിമുട്ടുണ്ടായിരുന്നില്ല. സമാനമായി രണ്ട് വർഷം മുമ്പും മുന്നറിയിപ്പില്ലാതെ റോഡ് നവീകരണം നടത്തിയത് വലിയ കുരുക്കിന് ഇടയാക്കിയിരുന്നു. പകൽ സമയത്തെ ഗതാഗത കുരുക്കും ചൂടും മൂലം രാത്രികാലങ്ങളിലാകും വരും ദിവസങ്ങളിൽ ജോലി നടക്കുകയെന്ന് പൊതുമരാമത്ത് വകുപ്പ് തൊടുപുഴ ഡിവിഷനിലെ അസി. എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ബുധനാഴ്ച പുലർച്ചെ 12.30ന് തുടങ്ങിയ ജോലി രാവിലെയോടെ തിരക്ക് കൂടുമ്പോൾ പണി നിർത്തവയ്ക്കാനായിരുന്നു പദ്ധതി. എന്നാൽ റോഡിന്റെ പ്രശ്‌നം മൂലം നവീകരണ പ്രവർത്തനങ്ങൾ വൈകി. എത്തിയ ടാർ മിക്‌സ് തീർക്കാനാകാതെ വന്നതോടെയാണ് അധിക സമയത്തേക്ക് ജോലി നീണ്ട് പോയത്. പൊതുജനങ്ങൾക്കും വാഹനയാത്രക്കർക്കും ബുദ്ധിമുട്ടുണ്ടാകാതെ ജോലി തുടർന്ന് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ പ്രധാന

റോഡുകളും നവീകരിക്കും

നഗരത്തിലെ തകർന്ന് കിടക്കുന്ന എല്ലാ പ്രധാനപ്പെട്ട റോഡുകളും പൂർണ്ണമായും നവീകരിക്കുന്നുണ്ട്. കാഞ്ഞിരമറ്റം മങ്ങാട്ടുകവല ബൈപ്പാസ്, മങ്ങാട്ടുകവല മുതലക്കോടം റോഡ്, കോതായിക്കുന്ന് ബൈപ്പാസ്, കുട്ടപ്പാസ് റോഡ്, പുളിമൂട്ടിൽ ജംഗ്ഷൻ മുതൽ മങ്ങാട്ടുക്കവല വരെയുള്ള റോഡ് തുടങ്ങിയ റോഡുകളാണ് അറ്റകുറ്റപണി നടത്തുന്നത്. ഇതിനെല്ലാം കൂടി ഒരു മാസത്തോളം സമയം എടുക്കുമെന്നാണ് പൊതുമരാമത്ത് വകുപ്പ് അധികൃതർ പറയുന്നത്.