തൊടുപുഴ: സമൂഹമാധ്യമങ്ങളുടെ ആവിർഭാവത്തോടെ ദുരന്ത റിപ്പോർട്ടിങ് നിർവ്വഹിക്കുമ്പോൾ ലേഖകർ സ്വീകരിക്കേണ്ട പുതിയ പ്രവണതകളെക്കുറിച്ച് മാദ്ധ്യമ പ്രവർത്തകർക്കുള്ള സംശയം ദുരീകരിക്കുന്നതിന് ജില്ലാ ഇൻഫർമേഷൻ ഓഫീസ് സംഘടിപ്പിക്കുന്ന ശിൽപ്പശാല നാളെ രാവിലെ 11ന് പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. തൊടുപുഴ പ്രസ് ക്ലബ് ഹാളിൽ നടക്കുന്ന ശില്പശാലയിൽ തൊടുപുഴ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് അദ്ധ്യക്ഷനായിരിക്കും. ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ. സതീഷ്‌കുമാർ, പ്രസ് ക്ലബ് പ്രസിഡന്റ് സോജൻ സ്വരാജ്, സെക്രട്ടറി ജെയ്‌സ് വാട്ടപ്പിള്ളിൽ തുടങ്ങിവരും ജനപ്രതിനിധികളും മാധ്യമപ്രവർത്തകരും പങ്കെടുക്കും. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (എസ്.ഡി.എം.എ) സാമൂഹ്യ പ്രതിബദ്ധതാ വിഭാഗത്തിലെ വിദഗ്ദ്ധൻ ക്ലിന്റ് മാത്യു മാദ്ധ്യമ പ്രവർത്തകരുടെ സംശയങ്ങൾക്ക് മറുപടി നൽകും. മാറി മാറി വരുന്ന നിയമ വ്യവസ്ഥകൾക്കനുസൃതമായി പ്രകൃതി ദുരന്തം റിപ്പോർട്ടിങ് സുരക്ഷിതമായും ജാഗ്രതയോടെയും വസ്തുനിഷ്ഠമായും പൊതുജനങ്ങളെ ആശങ്കപ്പടുത്താത്ത രീതിയിൽ എങ്ങനെ നിർവ്വഹിക്കാമെന്നതും ശിൽപ്പശാലയിൽ പ്രതിപാദിക്കും.