തൊടുപുഴ: പട്ടയം കവലയിൽ റോഡിലേക്ക് ഇറക്കി ചട്ടവിരുദ്ധമായി നിർമ്മിച്ച കെട്ടിടത്തിന്റെ ഭാഗം നഗരസഭാ അധികൃതർ പൊളിച്ചു നീക്കി. വെള്ളരിപ്പിൽ വി.പി. മക്കാറിന്റെ കടമുറിയുടെ ഭാഗമാണ് ഇന്നലെ രാത്രിയോടെ പൊളിച്ചു നീക്കിയത്. അനധികൃതമായി നിർമ്മിച്ച കെട്ടിടത്തിന്റെ ഭാഗം രാവിലെ മുതൽ പൊളിച്ചു നീക്കാൻ തുടങ്ങിയെങ്കിലും നടപടികൾ മന്ദഗതിയിലാണെന്ന് ആരോപണമുയർന്നു. ഇതിനിടെ കെട്ടിട ഉടമയുടെ ഭാഗത്തു നിന്ന് ചെറിയ തോതിലുള്ള പ്രതിഷേധവുമുയർന്നു. തുടർന്ന് നഗരസഭാ അധികൃതർ മണ്ണുമാന്തി യന്ത്രം ഉൾപ്പെടെയുള്ള സന്നാഹങ്ങളുമായെത്തി. പിന്നീട് ഉടമയുടെ നേതൃത്വത്തിൽ തന്നെ രാത്രിയോടെ കെട്ടിട ഭാഗം പൊളിച്ചു നീക്കുകയായിരുന്നു. കഴിഞ്ഞ ദിവസവും കെട്ടിടഭാഗം പൊളിച്ചു നീക്കാൻ നഗരസഭ അധികൃതരെത്തിയെങ്കിലും രാഷ്ട്രീയ ഇടപെടലുകളെ തുടർന്ന് നടപടികളിൽ നിന്ന് പിൻവാങ്ങിയിരുന്നു. ഇത് വിവാദമായതോടെയാണ് നഗരസഭാ അധികൃതർ ഇന്നലെ വീണ്ടും കെട്ടിടം പൊളിക്കാനെത്തിയത്. ഒഴിപ്പിക്കൽ നടപടികൾക്കായി നഗരസഭ കൗൺസിലർ സിജി റഷീദും പൊലീസും സ്ഥലത്തെത്തിയിരുന്നു.