കുമളി: നിരവധി മോഷണക്കേസുകളിൽ പ്രതിയായ കൊമ്പ് ഷിബുവിനെ തമിഴ്നാട്ടിലെ ഏർവാടിക്ക് അടുത്ത് നിന്ന് കുമളി പൊലീസ് പിടികൂടി. തിരുവനന്തപുരം സ്വദേശിയായ കൊച്ച് ഷിബുവെന്നും വിളിക്കുന്ന അന്തർസംസ്ഥാന മോഷ്ടാവായ ഷിബു സാമുവലാണ് (44) പൊലീസിന്റെ പിടിയിലായത്. കുമളി പൊലീസ് സ്റ്റേഷനിൽ നിന്ന് ബൈക്ക് മോഷണം പോയതിനെ തുടർന്നാണ് പൊലീസ് ഷിബുവിനായി അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിൽ മോഷണം പോയ ഈ ബൈക്ക് ഉപയോഗിച്ച് അങ്കമാലിയിൽ നിന്ന് 15,000 രൂപയും 9,00,000 രൂപ വിലവരുന്ന ആഭരണങ്ങളും പ്രതി മോഷ്ടിച്ചതായി കണ്ടെത്തി. അന്വേഷണത്തിൽ പ്രതി തമിഴ്‌നാട്ടിലെ ഏർവാടിയിൽ ഒളിവിൽ കഴിയുന്നതായി വിവരം ലഭിച്ചു. തുടർന്ന് തീർത്ഥാടക വേഷത്തിൽ ഏർവാടിയിലെത്തിയ അന്വേഷണസംഘം പ്രതിയെ പിന്തുടർന്ന് അതിസാഹസികമായി പിടികൂടുകയായിരുന്നു. കേരളത്തിലെത്തി വീണ്ടും മോഷണം നടത്താനുള്ള തയ്യാറെടുപ്പിനിടയിലാണ് പ്രതി പിടിയിലാകുന്നത്. പല മേൽവിലാസങ്ങളിൽ വിവിധ സ്ഥലങ്ങളിൽ താമസിച്ചായിരുന്നു ഇയാൾ മോഷണം നടത്തിയിരുന്നത്. വീടുകളുടെ മുൻവാതിൽ തകർത്ത് അകത്ത് കടന്ന് മോഷണം നടത്തി മുതലുമായി അയൽസംസ്ഥാനത്തേക്ക് കടക്കുന്നതായിരുന്നു പ്രതിയുടെ രീതി. മോഷ്ടിച്ച് കിട്ടുന്ന പണം ഉപയോഗിച്ച് ആർഭാടജീവിതം നയിക്കുകയാണ് പതിവ്. ഇടുക്കി ജില്ലയിൽ ഇയാൾക്കെതിരെ ആറും തിരുവനന്തപുരത്ത് 17 കേസുകളുമുണ്ട്. പത്തനംതിട്ട-5, കൊല്ലം- 2, കോട്ടയം- 1 എന്നിവിടങ്ങളിലും പ്രതിക്കെതിരെ കേസുകളുണ്ട്. പീരുമേട് ഡിവൈ.എസ്.പി ജെ. കുര്യാക്കോസിന്റെ നേതൃത്വത്തിൽ കുമളി ഇൻസ്‌പെക്ടർ ജോബിൻ ആന്റണി, എസ്.ഐ നിഖിൽ, എ.എസ്.ഐ സുബൈർ, സി.പി.ഒമാരായ സലിൽ, സാദിക്ക്, ജോജി, സിജോ സെബാസ്റ്റ്യൻ, രമേഷ് എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.