തൊടുപുഴ: 13കാരിയെ തട്ടിക്കൊണ്ടു പോയി വിവാഹ വാഗ്ദാനം നൽകി പലതവണ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 27 വർഷം കഠിന തടവും 40,​000 രൂപ പിഴയും. ഇടുക്കി പൈനാവ് അതിവേഗ കോടതി ജഡ്ജി ടി.ജി. വർഗീസാണ് ശിക്ഷ വിധിച്ചത്. കെ.ഡി.എച്ച് വില്ലേജിൽ കുണ്ടള കരയിൽ സാൻഡോസ് കോളനിയിൽ താമസിക്കുന്ന തോമസ് വർഗീസിനെയാണ് ശിക്ഷിച്ചത്. 2018ലായിരുന്നു കേസിനാസ്പദമായ സംഭവം. പെൺകുട്ടിയുടെ വീടിന് സമീപം വീട്ടിൽ ആശാരിപ്പണിക്ക് വന്ന പ്രതി കുട്ടിയെ വശീകരിച്ചു വിവാഹ വാഗ്ദാനം നൽകി തട്ടിക്കൊണ്ടുപോയി കുട്ടിയാർവാലി എന്ന സ്ഥലത്തെ ഒരു വീട്ടിലും പിന്നീട് ബോഡിമെട്ടിനു സമീപമുള്ള പ്രതിയുടെ ബന്ധു വീട്ടിലും വച്ച് പല തവണ പീഡനത്തിനിരയാക്കിയെന്നാണ് കേസ്. കുട്ടിയുടെ പുനരധിവാസത്തിനായി 50,​000 രൂപ നൽകുന്നതിന് ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയോടും കോടതി നിർദ്ദേശിച്ചു. പല വകുപ്പുകളിലായി ലഭിച്ച ശിക്ഷയിൽ ഏറ്റവും ഉയർന്ന ശിക്ഷയായ 10 വർഷം കഠിന തടവ് പ്രതി അനുഭവിച്ചാൽ മതി. മൂന്നാർ പൊലീസ് 2018ൽ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഷിജോമോൻ ജോസഫ് കോടതിയിൽ ഹാജരായി.