അടിമാലി: ബൈസൺവാലിയിൽ പ്രവർത്തിച്ചുവരുന്ന സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ മാവേലി സ്റ്റോർ, സൂപ്പർമാർക്കറ്റ് ആയി ഉയർത്തുന്നതിന്റെ ഉദ്ഘാടനം 19 ന് രാവിലെ 9.30 ന് ഭക്ഷ്യ മന്ത്രി അഡ്വ. ജി. ആർ. അനിൽ നിർവഹിക്കും. അഡ്വ. എ. രാജ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.
പൊതുജനങ്ങളുടെ സൗകര്യാർത്ഥം ഉപഭോക്താക്കൾക്ക് നിത്യോപയോഗ സാധനങ്ങൾ യഥേഷ്ടം നേരിട്ട് തിരഞ്ഞെടുക്കാനുള്ള സൗകര്യം ഒരുക്കുന്നതിനു വേണ്ടിയാണ് സപ്ലൈകോ മാവേലി സ്റ്റോർ, സൂപ്പർമാർക്കറ്റ് ആയി ഉയർത്തുന്നത്. എല്ലാവിധ നിത്യോപയോഗ സാധനങ്ങളും, ശബരി ഉൽപ്പന്നങ്ങളും, പ്രമുഖ കമ്പനികളുടെ നോൺ മാവേലി ബ്രാൻഡഡ് ഇനങ്ങളും ന്യായ വിലയ്ക്ക് പൊതുജനങ്ങൾക്ക് ലഭിക്കും.
അഡ്വ. ഡീൻ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തും. എം.എം മണി എം.എൽ.എ ആദ്യ വിൽപ്പന നടത്തും. ബൈസൺവാലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബൈജു കൃഷ്ണൻകുട്ടി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹൻകുമാർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാന്റി ബേബി, സപ്ലൈകോ ചെയർമാൻ ഡോ. സഞ്ജീബ് കുമാർ പട് ജോഷി, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.