തൊടുപുഴ: കാരിക്കോട്- വെള്ളിയാമറ്റം റോഡിന്റെ ഭാഗമായ ഇറുക്കുപാലം- പന്നിമറ്റം- പൂമാല റോഡ് ഉന്നത നിലവാരത്തിൽ പുനർനിർമ്മിക്കാൻ ആറ് കോടി രൂപ പൊതുമരാമത്ത് വകുപ്പ് അനുവദിച്ചതായി പി.ജെ. ജോസഫ് എം.എൽ.എ പറഞ്ഞു. കാരിക്കോട്- ആലക്കോട്, ആലക്കോട്- ഇറുക്കുപാലം വരെയുള്ള റോഡ് രണ്ടു ഘട്ടമായി ഉന്നത നിലവാരത്തിൽ പണി പൂർത്തീകരിച്ചിട്ടുള്ളതാണ്. പൂർണ്ണമായും വെള്ളിയാമറ്റം ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന ഇറുക്കുപാലം മുതൽ പന്നിമറ്റം പൂമാല സ്‌കൂൾകവല വരെയുള്ള ഭാഗമാണ് ആറ് കോടി രൂപയ്ക്ക് ബി.എം ആന്റ് ബി.സി നിലവാരത്തിൽ നിർമ്മിക്കുന്നതെന്ന് പി.ജെ. ജോസഫ് എം.എൽ.എ പറഞ്ഞു. കാരിക്കോട്- വെള്ളിയാമറ്റം റോഡിന്റെ ഭാഗമായ ഇറുക്കുപാലം- വെള്ളിയാമറ്റം- കാഞ്ഞാർ വരെയുള്ള അഞ്ച് കിലോ മീറ്റർ റോഡ് ബി.എം ആന്റ് ബി.സി നിലവാരത്തിൽ നിർമ്മിക്കുന്നതിനുള്ള സത്വര നടപടികൾ സ്വീകരിച്ചുവരുന്നു. കാരിക്കോട്- ആനക്കയം- കാഞ്ഞാർ റോഡ് കിഫ്ബിയിൽപ്പെടുത്തിയുള്ള നിർമ്മാണത്തിനായി സർവ്വേ നടപടികൾ പൂർത്തീകരിച്ചതായും പി.ജെ. ജോസഫ് എം.എൽ.എ അറിയിച്ചു.
പി.ജെ.ജോസഫ് എം.എൽ.എയെ
അഭിനന്ദിച്ചു
വെള്ളിയാമറ്റം: കാരിക്കോട്- വെള്ളിയാമറ്റം റോഡിൽ ഇറുക്കുപാലം- പന്നിമറ്റം- പൂമാല റോഡ് ബി.എം ആന്റ് ബി.സി നിലവാരത്തിൽ പുനഃനിർമ്മിക്കുന്നതിന് പൊതുമരാമത്ത് വകുപ്പിൽ നിന്ന് ആറ് കോടി രൂപ അനുവദിപ്പിച്ച പി.ജെ. ജോസഫ് എം.എൽ.എയെ അഭിനന്ദിക്കുന്നതായി കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം. മോനിച്ചൻ പറഞ്ഞു. പൂർണ്ണമായും വെള്ളിയാമറ്റം ഗ്രാമ പഞ്ചായത്തിലൂടെയാണ് റോഡ് കടന്നുപോകുന്നത്. പന്നിമറ്റം- കുളമാവ് റോഡ്, മേത്തൊട്ടി മൂലേക്കാട് പാറമട റോഡുകൾ ഈ റോഡിന്റെ തുടർച്ചയാണ്. വെള്ളിയാമറ്റം ഗ്രാമ പഞ്ചായത്തിൽ ഗതാഗത സൗകര്യം കാര്യക്ഷമമാക്കാൻ ശക്തമായ ഇടപെടലാണ് പി.ജെ. ജോസഫ് എം.എൽ.എ നടത്തിവരുന്നതെന്നും എം. മോനിച്ചൻ പറഞ്ഞു. ഇറുക്കുപാലം- വെള്ളിയാമറ്റം- കാഞ്ഞാർ റോഡും കാഞ്ഞാർ- ആനക്കയം- കാരിക്കോട് റോഡും ഉന്നത നിലവാരത്തിൽ നിർമ്മിക്കുന്നതിനുള്ള നടപടി സ്വീകരിച്ച പി.ജെ. ജോസഫ് എം.എൽ.എയെ പ്രത്യേകം അഭിനന്ദിക്കുന്നതായും എം. മോനിച്ചൻ പറഞ്ഞു.