
തൊടുപുഴ: ശബരിമല അയ്യപ്പസേവാസമാജത്തിന്റെ ആഭിമുഖ്യത്തിൽ ഹരിവരാസനം ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ശനിയാഴ്ച രാവിലെ 9 മുതൽ തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്ര സന്നിധിയിൽ അയ്യപ്പഭക്തരുടെ മഹാസംഗമം സംഘടിപ്പിക്കും. ഇതോടനുബന്ധിച്ച് ഗുരുസ്വാമിമാരെയും അനുഷ്ഠാന കലകളായ ശാസ്താംപാട്ട്, ചിന്ത്‌മേളം തുടങ്ങിയ കലാകാരൻമാരെയും ആദരിക്കുന്നു. സാംസ്‌കാരിക സമ്മേളനം തന്ത്രിമുഖ്യൻ കാവനാട്ട് പരമേശ്വരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. സ്വാമി അയ്യപ്പദാസ്, സ്വാമി ദേവചൈതന്യാനന്ദ സരസ്വതി കൂടാതെ അയ്യപ്പസേവാസമാജത്തിന്റെ ദേശീയ സംസ്ഥാനതല ഭാരവാഹികൾ ചടങ്ങിൽ പങ്കെടുക്കും. വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി ആത്മീയ പ്രഭാഷണങ്ങൾ ഉണ്ടായിരിക്കും. തുടർന്ന് സമൂഹഹരിവരാസനം ആലാപനവും പ്രസാദഊട്ടും നടത്തും.