അടിമാലി: ജനവാസ മേഖലയിൽ സാമൂഹ്യ വിരുദ്ധർ കക്കൂസ് മാലിന്യം തള്ളി. ഇഞ്ചപ്പതാൽ കമ്പി ലൈനിൽ താമസിയ്ക്കുന്ന മാപ്പിളക്കുടിയിൽ വിനോദിന്റെ കൃഷിയിടത്തിലാണ് മാലിന്യം തള്ളിയത്.തിങ്കളാഴ്ച രാത്രിയിലാണ് സംഭവം. റോഡിനു താഴ്‌വശത്തുള്ള സ്ഥലത്തേക്ക് ടാങ്കറിലെത്തിച്ച മാലിന്യം തള്ളുകയായിരുന്നുവെന്ന് കരുതുന്നു.മാലിന്യം താഴ് വാരത്തുകൂടി ഒഴുകുന്ന തോട്ടിൽ എത്തിയതോടെ പ്രദേശവാസികൾ വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന തോട്ടിലെ വെള്ളവും മലിനമായി. സമീപത്ത് നിരവധി വീടുകൾ ഉണ്ട്. നേര്യമംഗലം, പാംബ്ല വനമേഖലകളിൽ മാലിന്യം തള്ളുന്നത് സാധാരണമാണ്. രണ്ടു മാസം മുമ്പ് കത്തിപ്പാറയിലെ കുടിവെള്ള സ്രോതസിനു സമീപം മാലിന്യം തള്ളിയിരുന്നു. എറണാകുളം ജില്ലയിൽ വിവിധ മേഖലകളിൽ നിന്നാണ് മുൻ കാലങ്ങളിൽ കക്കൂസ് മാലിന്യം എത്തിയിരുന്നത്.നാട്ടുകാർ സമീപത്തുള്ള സി.സി.ക്യാമറകളിൽ മാലിന്യ നിക്ഷേപവുമായി ബന്ധപ്പെട്ട് പരിശോധന നടത്തുന്നുണ്ട്.ആരോഗ്യ വകുപ്പധികൃതർ സ്ഥലം സന്ദർശിച്ചു.നാട്ടുകാർ വെള്ളത്തൂവൽ പൊലീസിൽ പരാതി നൽകി.